വിംബിള്‍ഡണ്‍: ഫെഡറര്‍, ഹാലെപ് ടോപ് സീഡുകള്‍; മറെയ്ക്ക് സീഡില്ല

റോജര്‍ ഫെഡറര്‍

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസില്‍ പുരുഷ വിഭാഗത്തില്‍ റോജര്‍ ഫെഡററും വനിതാ വിഭാഗത്തില്‍ സിമോണ ഹാലെപും ടോപ് സീഡുകള്‍. അതേസമയം, ബ്രിട്ടന്റെ ആന്റി മുറെ ഇത്തവണ സീഡില്ലാതെയാണ് ഇറങ്ങുക.

പുരുഷവിഭാഗത്തില്‍ റഫേല്‍ നദാലാണ് രണ്ടാം സീഡ്. മുന്‍ ചാമ്പ്യന്‍ നൊവാക് ദ്യോകോവിച് പന്ത്രണ്ടാം സീഡായി. കഴിഞ്ഞ പതിനൊന്ന് മാസമായി കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന മറെ ടൂര്‍ണമെന്റില്‍ പങ്കെടുക്കുമോ എന്നതില്‍ തീരുമാനമായിട്ടില്ല. ഇടുപ്പിനേറ്റ പരുക്കിനെ തുടര്‍ന്ന് താരം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

വനിതാ വിഭാഗത്തില്‍ മുന്‍ ലോക ഒന്നാം നമ്പറും ഏഴ് തവണ ചാമ്പ്യയുമായ അമേരിക്കയുടെ സെറീന വില്യംസ് ഇരുപത്തിയഞ്ചാം സീഡാണ്. ലോക റാങ്കിംഗില്‍ 183-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതാണ് സെറീനയ്ക്ക് സീഡിംഗില്‍ തിരിച്ചടിയായത്. റഷ്യയുടെ മരിയ ഷറപ്പോവ (8), വീനസ് വില്യംസ് (9) എന്നിങ്ങനെയാണ് മറ്റ് പ്രമുഖ താരങ്ങളുടെ സീഡിംഗ്.

ലോക രണ്ടാം നമ്പറും നിലവിലെ ചാമ്പ്യനുമായ റോജര്‍ ഫെഡറര്‍ ഒന്‍പതാം വിംബിള്‍ഡണ്‍ കിരീടം തേടിയാണ് ഇത്തവണ ഇറങ്ങുന്നത്. ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ നദാലും മുന്‍ ചാമ്പ്യന്‍ ദ്യോകോവിച്ചും ഫെഡറര്‍ക്ക് വെല്ലുവിളിയാകും.

DONT MISS
Top