സൗദിയില്‍ പുതിയ വനിതാ ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ വിസ നല്‍കുന്നില്ല: സാമൂഹിക വകുപ്പ് മന്ത്രി

ഖാലിദ് അബ അല്‍ഖൈല്‍

ജിദ്ദ: സൗദിയില്‍ വനിതാ ഡ്രൈവര്‍മാരെ കൊണ്ടുവരാന്‍ പുതിയ വിസ നല്‍കുന്നില്ലെന്നും അതേസമയം വീട്ടുവേലക്കെത്തിയ വനിതകള്‍ക്ക് വാഹനമോടിക്കുന്നതില്‍ വിലക്കില്ലെന്നും സൗദി തൊഴില്‍ സാമൂഹിക വകുപ്പ് മന്ത്രി ഖാലിദ് അബ അല്‍ഖൈല്‍ അറിയിച്ചു. വൃക്തികള്‍ക്കും കമ്പനികള്‍ക്കും പുതിയ വനിതാ വീട്ടുഡ്രൈവര്‍മാരെ വിദേശത്തുനിന്നും കൊണ്ടുവരുവരാന്‍ നിലവില്‍ വിസ നല്‍കുന്നില്ല.

വിദേശികളായ വനിതാ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഡ്രൈവിംഗില്‍ പരിശീലനം നേടുന്നതില്‍ തെറ്റില്ല. അതേസമയം നിലവിലെ സംവിധാനമനുസരിച്ച് വിസാ നിയമം വീട്ടുവേലക്കാരികള്‍ക്ക് വീട്ടുഡ്രൈവര്‍മാരായി ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ല. ഏത് ജോലിയിലാണൊ ഗാര്‍ഹിക തൊഴിലാളികള്‍ സൗദിയിലെത്തിയത് ആ വിസയില്‍ പറയുന്ന തൊഴില്‍ ചെയ്യാന്‍ മാത്രമെ അവര്‍ക്ക് അനുമതിയുള്ളൂ. അതേസമയം ഒരു ഡ്രൈവിംഗ് ലൈസിന്‍സ് സമ്പാദിക്കുന്നതില്‍ വിലക്കില്ലെന്നും ഖാലിദ് അബ അല്‍ഖൈല്‍ പറഞ്ഞു.

ഗാര്‍ഹിക വനിതാ തൊഴിലാളികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് തൊഴില്‍ മന്ത്രയുമായി സഹകരിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ട്രാഫിക്ക് മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തൊഴിലാളികളുടെ നിലവിലുള്ള കോണ്‍ട്രാക്ടില്‍ മാറ്റം വരുത്തുമെന്നും മുഹമ്മദ് അല്‍ ബസ്സാമി പറഞ്ഞിരുന്നു.

മറ്റ് വിദേശ തൊഴിലാളികളെ പോലെ ഗാര്‍ഹിക തൊഴിലാളികള്‍ വാഹനം ഓടിക്കുന്നതിന് ട്രാഫിക്ക് സംവിധാനം വിലക്കുന്നില്ലെന്ന് ഖാലിദ് അബ അല്‍ഖൈല്‍ ഊന്നിപ്പറഞ്ഞു. അതേസമയം വിസയില്‍ രേഖപ്പെടുത്തിയ ജോലിയുമായി ബന്ധപ്പെട്ട സാങ്കേതികത പ്രശ്‌നം മാത്രമാണുള്ളതെന്ന് സൗദി തൊഴില്‍ സാമൂഹിക വകുപ്പ് മന്ത്രി പറഞ്ഞു.

DONT MISS
Top