പ്രവചനങ്ങളെ കാറ്റില്‍പറത്തി അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍, ആരാധകരെ ആഹ്ലാദിപ്പിച്ച് മെസ്സി; ഐസ്‌ലന്റിനെ പരാജയപ്പെടുത്തി ക്രൊയേഷ്യയും

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ഫുട്‌ബോള്‍ മിശിഹാ ലയണല്‍ മെസ്സി കളം നിറഞ്ഞ് കളിച്ച മത്സരത്തില്‍ നൈജീരിയയെ അര്‍ജന്റീന പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ലോകകപ്പില്‍ അര്‍ജന്റീനയുടെ വിജയം.

പതിനാലാം മിനുട്ടില്‍ മെസ്സി നേടിയ ഗോളാണ് അര്‍ജന്റീനയ്ക്ക് ലീഡ് സമ്മാനിച്ചത്. എന്നാല്‍ രണ്ടാം പകുതിയില്‍ ഒരു പെനാല്‍ടിയിലൂടെ മോസസ് നൈജീരിയയ്ക്ക് സമനില സമ്മാനിച്ചു. തുടര്‍ന്ന് കനത്ത ആക്രമണമാണ് അര്‍ജന്റീനയുടെ ഭാഗത്തുനിന്നുണ്ടായത്. ഇതിന്റെ ഫലമെന്നോണം 86-ാം മിനുട്ടില്‍ മാര്‍ക്കസ് റോഹോയുടെ ഗോള്‍ പിറന്നതോടെ ആരാധകര്‍ ആഘോഷം ആരംഭിച്ചു. തുടര്‍ന്ന് ഐസ്‌ലന്റിനെ ക്രൊയേഷ്യ പരാജയപ്പെടുത്തിയതോടെ അര്‍ജന്റീന പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഐസ്‌ലന്റിനെ ക്രൊയേഷ്യ പരാജയപ്പെടുത്തിയത്.

ഒന്നാന്തരം കളി കാഴ്ച്ചവച്ച ലയണല്‍ മെസ്സിയാണ് കളിയിലെ താരം. എന്തുകൊണ്ടാണ് മെസ്സി എന്നത് ഒരു പ്രതിഭാസമാകുന്നത് എന്ന് തെളിയിക്കുന്ന കളിയാണ് അദ്ദേഹം കാഴ്ച്ചവച്ചത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ ടീമിനെ ഒത്തിണക്കത്തോടെ കൊണ്ടുപോയി എന്നതുമാത്രമല്ല കളിമുഴുവന്‍ അദ്ദേഹം നിയന്ത്രിച്ചു. എണ്ണം പറഞ്ഞ ക്രോസുകളും ത്രൂപാസുകളുമായി മെസ്സി ടീമിനെയൊന്നാകെ ചുമലിലേറ്റി. മെസ്സിയുടെ ഈ ലോകകപ്പിലെ ആദ്യ ഗോള്‍ മൊത്തത്തില്‍ ഈ ലോകകപ്പിലെ നൂറാം ഗോളാണെന്ന പ്രത്യേകതയുമുണ്ട്.

കൡയിലാകെ അര്‍ജന്റീന മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചത്. ടീം എന്ന നിലയില്‍ അവര്‍ സെറ്റായിക്കഴിഞ്ഞു എന്ന് സൂചിപ്പിക്കുന്ന കളിയാണ് പുറത്തുവന്നത്. 65 ശതമാനം സമയത്തും ബോള്‍ അര്‍ജന്റീന കയ്യില്‍വച്ചു. തങ്ങളുടെ ബോക്‌സിലേക്ക് നൈജീരിയന്‍ താരങ്ങളെ അവര്‍ അടുപ്പിച്ചതേയില്ല. ഇത്തരത്തില്‍ തികച്ചും അര്‍ഹമായ രീതിയില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ചാണ് പ്രീക്വാര്‍ട്ടറിലേക്ക് കടക്കുന്നത്. ഫ്രാന്‍സുമായിട്ടാണ് പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ മത്സരം.

DONT MISS
Top