പന്ത്രണ്ടാമത് തായിഫ് ‘ഉക്കാദ് ചന്ത’ ജൂണ്‍ 27 ന് തുടങ്ങും

തായിഫ്: പുരാതന കാലത്തെ ഉക്കാദ് ചന്തയുടെയും സാംസ്‌കാരിക കൈമാറ്റങ്ങളുടെയും കഥ അയവിറക്കി തായിഫില്‍ നടക്കുന്ന ഉക്കാദ് ചന്തക്ക് നാളെ ബുധന്‍ തിരശീല ഉയരും. സല്‍മാന്‍ രാജാവിന്റെ രക്ഷാകര്‍തൃത്വത്തില്‍ ദേശീയ ടൂറിസം അതോറിറ്റിയും തായിഫിലെ വിവിധ ഗവണ്‍മെന്റ് ഏജന്‍സികളും സംയുക്തമായാണ് ഉക്കാദ് മേള സംഘടിപ്പിച്ചിട്ടുള്ളത്.

വൈവിധ്യങ്ങളായ പരിപാടികളാണ് ഉക്കാദ് ചന്തയോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. അറബ് ലോകത്തിന്റെ ചരിത്രം, സംസ്‌കാരം, നാഗരികത തുടങ്ങിയവ വിവരിക്കുന്നതാണ് ഉക്കാദ് മേള. പതിനേഴ് വിവിധ സംഘടനകളും ജനറല്‍ ടൂറിസം അതോറിറ്റിയും തായിഫിലെ വിവിധ ഗവണ്‍മെന്റ് ഏജന്‍സികളും ചേര്‍ന്നാണ് ഉക്കാദ് മേള സംഘടിപ്പിക്കുന്നത്.

മേളയോടനുബന്ധിച്ച് നടക്കുന്ന വിവിധ സാംസ്‌കാരിക പരിപാടികളില്‍ അറബ് ലോകത്തെ നിരവധി ബുദ്ധിജീവികളും എഴുത്തുകാരും കവികളും പങ്കെടുക്കും. 10 സാംസ്‌കാരിക സെമിനാറുകള്‍, എട്ട് പഠന കളരി, മൂന്ന് കവിതാ സായാഹ്നങ്ങള്‍, അഭിനയ മത്സരം തുടങ്ങിയവ ഉക്കാദ് മേളയോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ഉക്കാദ് മേളയുടെ ഭാഗമായി കഴിഞ്ഞ മാസം സംഘടിപ്പിച്ച മത്സരങ്ങളിലെ 15 ഓളം വിജയികള്‍ക്കുള്ള അവാര്‍ഡുകളുടെ വിതരണവും മേളയുടെ ഉദ്ഘാടന ദിനമായ നാളെ നടക്കും.

അറബിക് കാലിഗ്രാഫി പ്രദര്‍ശനം, വിവിധ പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ പ്രദര്‍ശനം, പുരാതന കാലത്ത ആളുകള്‍ ഉപയോഗിച്ച രീതിയിലുള്ള വസ്ത്രങ്ങളുടെ പ്രദര്‍ശനം, നാടന്‍ വസ്തുവകകളുടെ പ്രദര്‍ശനം, വിവിധ കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം, ചിത്രകലാകാരന്‍മാരുടേയും ഫോട്ടോ ഗ്രാഫര്‍മാരുടെയും സൃഷ്ടികളുടെ പ്രദര്‍ശനം തുടങ്ങിയവയും മേളയില്‍ കാണാനാകും.

ഇസ്‌ലാമിക രാജ്യം സ്ഥാപിതമാകും മുമ്പുള്ള കാലത്തെ ചന്തയുടെയും സഞ്ചാരികള്‍ തമ്പടിച്ച സ്ഥലത്ത് നടന്നിരുന്ന കവിതാലാപനത്തിന്റെയും കവിതാ മത്സരങ്ങളുടെയും കഥകള്‍കൂടി അയവിറക്കുന്നതാണ് ഉക്കാദ് മേള. മേളയോടനുബന്ധിച്ച് ഒട്ടക പ്രദര്‍ശനവും ഒട്ടക മത്സരവും ഉണ്ടാകും. സ്വദേശികള്‍ക്ക് പുറമെ മലയാളികളടക്കമുള്ള നിരവധി വിദേശികളും സൗദിയിലെ വിനോദ സഞ്ചാര മേഖലകൂടിയായ തായിഫില്‍ നടക്കുന്ന ഉക്കാദ് ചന്ത സന്ദര്‍ശിക്കാന്‍ എല്ലാ വര്‍ഷവും എത്താറുണ്ട്.

DONT MISS
Top