ഈജിപ്തിനെ സൗദി അട്ടിമറിച്ചു; റഷ്യയെ തോല്‍പ്പിച്ച ഉറുഗ്വായ്ക്ക് മൂന്നാം ജയം


സമാര: സ്വപ്‌നങ്ങളുമായി ലോകകപ്പിനെത്തിയ ഈജിപ്ത് ടീമിന്റെയും സൂപ്പര്‍ താരം സലായുടേയും കണ്ണീര്‍ റഷ്യന്‍ മണ്ണില്‍ വീണു. മൂന്നാം മത്സരം വിജയിച്ച് നാണംകെടാതെ മടങ്ങാനെത്തിയ ഈജിപ്ഷ്യന്‍ ടീമിനെ സൗദി അട്ടിമറിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സൗദി ഈജിപ്തിനെ പരാജയപ്പെടുത്തിയത്.

മുഹമ്മദ് സലാ നേടിയ ഇരുപത്തി മൂന്നാം മിനുട്ടിലെ ഗോള്‍ ഈജിപ്തിനെ മുന്നിലെത്തിച്ചിരുന്നു. എന്നാല്‍ തിരിച്ചടിച്ച സൗദി ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ എതിര്‍ ടീമിനൊപ്പമെത്തി. രണ്ടാം പകുതിയിലുടേയും റെഗുലര്‍ ടൈമില്‍ ഗോളുകള്‍ പിറന്നില്ലെങ്കിലും ഇഞ്ചുറി ടൈമില്‍ വീണ്ടും സൗദിയുടെ വക ഗോളെത്തി. ലഭിച്ച ഒരു പെനാല്‍റ്റി സൗദി പാഴാക്കിയില്ലായിരുന്നുവെങ്കില്‍ ഈജിപ്തിന്റെ പരാജയം ഇതിലും കനത്തതാകുമായിരുന്നു.

സൂപ്പര്‍ താരം മുഹമ്മദ് സലാ കളിയില്‍ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച പ്രതിഭകളിലൊരാള്‍ ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ത്തന്നെ വിടപറയുന്നതിനും റഷ്യ സാക്ഷിയായി. സലാ ഈജിപ്ത് ടീം വിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ടീം മാനേജ്‌മെന്റ് വാര്‍ത്ത നിഷേധിച്ചിരുന്നു. രാഷ്ട്രീയ നേട്ടത്തിനായി തന്റെ പേരുപയോഗിക്കുന്നതില്‍ സലായ്ക്ക് എതിര്‍പ്പുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഇതേസമയം നടന്ന രണ്ടാം കളിയില്‍ ഉറുഗ്വായ് റഷ്യയെ പരാജയപ്പെടുത്തി. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഉറുഗ്വായിയുടെ വിജയം. സൂപ്പര്‍ താരങ്ങളായ സുവാരസും കവാനിയും ഗോള്‍ കണ്ടെത്തി. ഇതിന് പുറമെ ഒരു സെല്‍ഫ് ഗോളും ഉറുഗ്വായ്ക്ക് അനുകൂലമായി ലഭിച്ചു. ഇതോടെ ആദ്യ റൗണ്ടിലെ മൂന്ന് കളികളും വിജയിച്ച ടീമായി ഉറുഗ്വായ് മാറി.

DONT MISS
Top