ആശുപത്രികള്‍ക്കായി ഗുണനിലവാരം കുറഞ്ഞ കൈയ്യുറകള്‍ വാങ്ങിയതായി ആരോപണം; അന്വേഷണത്തിന് ആരോഗ്യമന്ത്രിയുടെ ഉത്തരവ്

ആരോഗ്യമന്ത്രി കെകെ ശൈലജ

കൊച്ചി: ഗുണനിലവാരം കുറഞ്ഞ കയ്യുറകള്‍ ആശുപത്രികള്‍ക്കായി വാങ്ങി എന്ന ആരോപണത്തെ തുടര്‍ന്ന് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ (കെഎംഎസ്‌സിഎല്‍) ഡയറക്ടര്‍ക്ക് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ നിര്‍ദ്ദേശം നല്‍കി.

എല്ലാ മാനദണ്ഡങ്ങളും അനുസരിച്ചാണ് കയ്യുറകള്‍ വാങ്ങിയതെന്ന് കെഎംഎസ്‌സിഎല്‍ വ്യക്തമാക്കിയെങ്കിലും ആക്ഷേപം വന്നതിനെത്തുടര്‍ന്ന് ആരോപണ വിധേയമായ കമ്പനിയില്‍ നിന്ന് സംഭരിച്ച് വിതരണം ചെയ്ത കയ്യുറകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും അവ തിരികെ വരുത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലഭ്യമായ കയ്യുറകളുടെ ബാച്ചുകള്‍ എല്ലാം തന്നെ തിരികെ വരുത്താനും അംഗീകൃത ലബോറട്ടറിയില്‍ അയച്ച് ബിഐഎസ് പ്രകാരം ഗുണനിലവാരമുള്ളതാണോയെന്ന് പരിശോധിക്കുന്നതിനും കെഎംഎസ്‌സിഎല്‍ നടപടി സ്വീകരിച്ചു കഴിഞ്ഞതായി മന്ത്രി വ്യക്തമാക്കി.

അതേസമയം സര്‍ക്കാര്‍ ആരോഗ്യ സംവിധാനങ്ങളില്‍ കയ്യുറകളുടെ ലഭ്യതക്കുറവ് ചികിത്സാരീതികളെ ഒരു തരത്തിലും ബാധിക്കാത്ത രീതിയില്‍ അനുബന്ധ നടപടികളും കോര്‍പ്പറേഷന്‍ ഉറപ്പാക്കിയിട്ടുണ്ട്. ആരോപണമുണ്ടായ സാഹചര്യത്തില്‍ വിദഗ്ദ്ധ സംഘത്തെ നിയോഗിച്ച് ഈ കമ്പനിയുടെ നിര്‍മ്മാണ യൂണിറ്റ് വിലയിരുത്തുന്നതിനും കോര്‍പ്പറേഷന്‍ തീരുമാനിച്ചു.

ദര്‍ഘാസ് നടപടികള്‍ക്ക് അനുസൃതമായി യോഗ്യതനേടി ഉഭയകക്ഷി കരാര്‍ ഒപ്പിട്ടതിനുശേഷം ഏതെങ്കിലും സാഹചര്യത്തില്‍ ദര്‍ഘാസ് നിബന്ധനകള്‍ക്ക് വിരുദ്ധമായി ഈ കമ്പനി പ്രവര്‍ത്തിച്ചിരിക്കുന്നുവെന്ന് വസ്തുനിഷ്ഠമായി ബോധ്യപ്പെട്ടാല്‍ തുടര്‍ നടപടികള്‍ കോര്‍പ്പറേഷന്‍ സ്വീകരിക്കുന്നതാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

DONT MISS
Top