സഖ്യകക്ഷികളുടെ സഹായം വേണ്ടെങ്കില്‍ എല്ലാ സീറ്റിലും ബിജെപിക്ക് തനിച്ച് മത്സരിക്കാം; നിലപാട് കടുപ്പിച്ച് ജെഡിയു

സജ്ഞയ് സിംഗ്

പട്‌ന: സഖ്യകക്ഷികളുടെ പിന്തുണ ആവശ്യമില്ലെങ്കില്‍ ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കാമെന്ന് ജെഡിയു. ബിഹാറില്‍ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് നിലപാട് കടുപ്പിച്ച് ജെഡിയു രംഗത്തെത്തിയത്.

സ്വന്തം സഖ്യകക്ഷികളുടെ പിന്തുണ ബിജെപിക്ക് ആവശ്യമില്ലെങ്കില്‍ അവര്‍ക്ക് 40 സീറ്റുകളിലേക്കും തനിച്ച് മത്സരിക്കാവുന്നതാണ്, അതിനുള്ള സ്വാതന്ത്ര്യം ബിജെപിക്കുണ്ട്. ആരും അവരെ തടയില്ല. എല്ലാ പാര്‍ട്ടിക്കും അവരുടേതായിട്ടുള്ള തീരുമാനങ്ങളുണ്ട്, അത് അവര്‍ക്ക് തെരഞ്ഞെടുക്കാം, ജെഡിയു മുഖ്യ വാക്താവ് സജ്ഞയ് സിംഗ് വ്യക്തമാക്കി.

തെരഞ്ഞെടുപ്പിനെ തനിച്ച് നേരിടാനുള്ള ആത്മവിശ്വാസം ജെഡിയുവിനുണ്ടെന്നും എല്ലാ ജില്ലകളിലും പാര്‍ട്ടി ശക്തമാണെന്നും പറഞ്ഞ സജ്ഞയ് അതേസമയം മുഖ്യമന്ത്രി നിതീഷ് കുമാറില്ലാതെ ബിഹാറില്‍ ബിജെപി വിജയിക്കില്ലെന്നും ചൂണ്ടിക്കാട്ടി. 2014 ഉം 2019 ഉം തമ്മില്‍ വലിയ വ്യത്യാസമുണ്ട്. രാജ്യത്ത് പലതരത്തിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളും നിലനില്‍ക്കുന്നു. 2014 ലെ തെരഞ്ഞെടുപ്പിന് സമാനമായ സാഹചര്യമല്ല ഇന്നുള്ളത്. നിതീഷ് കുമാറിന്റെ പിന്തുണയില്ലാതെ സംസ്ഥാനത്ത് മുന്നോട്ട് പോകാനാകില്ലെന്ന് ബിജെപിക്കുമറിയാം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സീറ്റ് വിഭജനത്തെ ചൊല്ലി അടുത്തിടെയായി ബിജെപി-ജെഡിയു ഭിന്നത രൂക്ഷമായിരുന്നു. 2015 ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 243 സീറ്റുകളില്‍ 71 സീറ്റില്‍ ജെഡിയു വിജയിച്ചപ്പോള്‍ 53 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് സ്വന്തമാക്കാനായത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യത്തോടൊപ്പം നില്‍ക്കണമെങ്കില്‍ സീറ്റുവിഭജനത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകേണ്ടിവരുമെന്നാണ് ജെഡിയുവിന്റെ നിലപാട്.

DONT MISS
Top