ഇടുക്കി ജില്ലയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു

ഫയല്‍

ഇടുക്കി: പട്ടയ ഭൂ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ഇടുക്കി ജില്ലയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. ഇടുക്കി പീരുമേട്, ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലാണ് ഹര്‍ത്താല്‍. വിവിധ മേഖലകളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നു. മൂന്നാറടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തിയ സഞ്ചാരികള്‍ക്ക് ഹര്‍ത്താല്‍ തിരിച്ചടിയായി മാറി.

മൂന്നാര്‍ ട്രിബ്യൂണലിന്റെ പരിധിയില്‍ വരുന്ന എട്ട് വില്ലേജുകളിലെ നിര്‍മാണ നിരോധനം പിന്‍വലിയ്ക്കുക, കാട്ടാന അക്രമണങ്ങള്‍ക്ക് തടയിടുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുക, പത്തുചെയിന്‍ മേഖലയിലടക്കം പട്ടയം വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യുഡിഎഫ് ഇടുക്കി ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത്. ഇത്തരം വിഷയങ്ങള്‍ ബാധകമല്ലാത്തതിനാല്‍ തൊടുപുഴ നിയോജക മണ്ഡലത്തെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെതിരേ ശക്തമായ പ്രതിക്ഷേധ പരിപാടികളുമായി മുമ്പോട്ട് പോകുന്നതിനാണ് യുഡിഎഫ് തീരുമാനം.

രാവിലെ തന്നെ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രധാന കേന്ദ്രങ്ങളില്‍ എത്തുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. മൂന്നാര്‍ അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തിയ വിനോദ സഞ്ചാരികള്‍ കുടുങ്ങുകയും ചെയ്തു. ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ ഇന്നലെ തന്നെ നിരവധി സഞ്ചാരികള്‍ മടങ്ങുകയും ചെയ്തു. അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇടുക്കി, കട്ടപ്പന, കുമളി, മൂന്നാര്‍, നെടുങ്കണ്ടം, ഉടുമ്പന്‍ചോല, രാജാക്കാട്, അടിമാലി അടക്കമുള്ള മേഖലകളില്‍ കട കമ്പോളങ്ങള്‍ അടഞ്ഞ് കിടക്കുകയാണ്. സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിച്ചില്ല. സ്വകാര്യ വാഹനങ്ങളടക്കം നിരത്തിലിറിങ്ങിയത് അപൂര്‍വ്വമാണ്. വൈകിട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍. വൈകിട്ട് വിവിധ കേന്ദ്രങ്ങളില്‍ പ്രതിക്ഷേധ പ്രകടനങ്ങളും യോഗവും നടത്തപ്പെടുമെന്നും നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.

DONT MISS
Top