അമിഷ് ഷായുടെ ബാങ്കില്‍ കോടികളുടെ നിക്ഷേപമെത്തിയ സംഭവം: വാര്‍ത്ത മുക്കിയ മുഖ്യധാര മാധ്യമങ്ങളെ കുറ്റപ്പെടുത്തി എംവി ജയരാജൻ

എംവി ജയരാജന്‍

നോട്ട്‌നിരോധന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഡയറക്ടറായ ബാങ്കില്‍ അഞ്ചുദിവസംകൊണ്ട് 745 കോടി രൂപയുടെ പഴയ നോട്ടുകള്‍ എത്തിയ സംഭവത്തില്‍ മുഖ്യധാര മാധ്യമങ്ങള്‍ നിശബ്ദത പാലിച്ചതിനെ കുറ്റപ്പെടുത്തി സിപിഐഎം നേതാവും മുഖ്യമന്ത്രിയുടെ പിണറായി വിജയന്റെ സെക്രട്ടറിയുമായ എംവി ജയരാജൻ. അമിത് ഷായുടെ ബാങ്കിലെത്തിയ നിക്ഷേപത്തിന്റെ വാര്‍ത്ത പുറത്തുകൊണ്ടുവന്നത് ‘ ദ് വയര്‍’ എന്ന ഓണ്‍ലൈന്‍ പത്രമാണ്. നോട്ടുനിരോധന സമയത്ത് ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ 11 സഹകരണ ബാങ്കുകളിലായി എത്തിയത് 1500 കോടി രൂപയുടെ നിക്ഷേപമാണെന്നും ‘ ദ് വയര്‍’ പുറത്തുവിട്ടിരുന്നു.

നേരത്തെയും അമിത്ഷായുടെ അഴിമതിയെക്കുറിച്ച് ഇവര്‍ വാര്‍ത്തകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ അമിത്ഷായ്‌ക്കെതിരേ റിപ്പോര്‍ട്ടുകള്‍ നല്‍കാനോ കഴിഞ്ഞദിവസം ‘ ദ് വയര്‍’ കൊണ്ടുവന്ന വാര്‍ത്ത ചര്‍ച്ച ചെയ്യാനോ ആരും തയാറായില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് ജയരാജന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പ്രമുഖ മാധ്യങ്ങളെ കുറ്റപ്പെടുത്തിയത്.

ജയരാജന്റെ എഫ്ബി പോസ്റ്റ് :

നോട്ടുനിരോധനകാലത്ത് ഗുജറാത്തിൽ ബിജെപി ഭരിക്കുന്ന 11 സഹകരണബാങ്കുകളിൽ 1500 കോടി രൂപയുടെ നിപേക്ഷമുണ്ടായതെങ്ങനെ? അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിലൂടെ സിദ്ധാർത്ഥ വരദരാജിന്റെ നേതൃത്വത്തിലുള്ള ‘ദി വയർ’ എന്ന ഓൺലൈൻ പോർട്ടൽ സത്യം ജനങ്ങളെ അറിയിക്കുകയായിരുന്നു. (നേരത്തെ അമിത്ഷായുടെ മകന്റെ കമ്പനിയുടെ ക്രമാതീതമായ വരുമാനത്തിന്റെ വാർത്തകൾ പുറത്തുകൊണ്ടുവന്നതിന് ആ പോർട്ടലിനെതിരെ നിയമനടപടികളിലൂടെ താല്ക്കാലികമായി വായ മൂടിക്കെട്ടാനുള്ള ശ്രമം നടന്നിരുന്നു.) അമിത്ഷാ ഡയരക്ടറായ ബേങ്കിൽ 750 കോടി രൂപയുടെ നിക്ഷേപമാണ് ഇക്കാലയളവിൽ ഉണ്ടായത്.

സഹകരണ മേഖല കേരളത്തിൽ നോട്ട് നിരോധനകാലത്ത് പ്രതിസന്ധിയിലായിരുന്നു. പൊതുമേഖലാബേങ്കുകളോടൊപ്പം സഹകരണബേങ്കുകളെയും നിരോധിച്ച കറൻസികൾ വിനിമയം നടത്താനുള്ള ബേങ്കുകളായി പരിഗണിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ പരിഗണിച്ചില്ല. മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാർ തിരുവനന്തപുരത്ത് റിസർവ്വ്‌ബേങ്കിന്റെ മുമ്പിൽ സമരം ചെയ്യേണ്ടിവന്നു. 2016 നവംബറിൽ നോട്ട് നിരോധനം കേരളത്തിലെ സഹകരണമേഖലയെയും സമ്പദ് വ്യവസ്ഥയെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നിവേദനം നൽകുന്നതിന് അനുമതി തേടിയപ്പോൾ അതും നിഷേധിച്ചു. കേരളം സഹകരണമേഖല സംരക്ഷിക്കാൻ രംഗത്തിറങ്ങിയപ്പോൾ ഗുജറാത്തിലെ ബിജെപി ഭരിക്കുന്ന ബാങ്കുകൾക്ക് നിരോധിച്ച നോട്ടുകൾകൊണ്ടുള്ള സംരക്ഷണമായിരുന്നു.

ഗുജറാത്ത് മന്ത്രിയായിരുന്നപ്പോൾ അമിത്ഷാ, ബേങ്കിന്റെ ചെയർമാൻ സ്ഥാനം രാജിവെച്ചുവെങ്കിലും, ഇതേവരെ ഡയരക്ടർബോർഡ് സ്ഥാനത്ത് തുടരുകയായിരുന്നു. ബിജെപി അദ്ധ്യക്ഷനായിരുന്നപ്പോഴും തൽസ്ഥിതി തുടർന്നു.
അമിത്ഷാ ഡയരക്ടറായ ബേങ്കിന്റെ ചെയർമാൻ ആരായാലും അയാൾ കേവലം ഒരു റബ്ബർ സ്റ്റാമ്പായിരിക്കുമെന്ന കാര്യം എല്ലാവരും തിരിച്ചറിയുന്ന കാര്യമാണ്. ബിജെപിയുടെ അക്കൗണ്ടിലും വന്നു നോട്ട്‌നിരോധനകാലത്ത് കോടികളേറെ. ഈ സത്യം ജനങ്ങളെ അറിയിക്കാൻ മുഖ്യധാരാ മാധ്യമങ്ങൾക്ക് എന്തേ ഭയം?

പിണറായിക്ക് കൊമ്പുണ്ടോ എന്ന് ചോദിക്കുന്ന മാധ്യമതമ്പുരാക്കന്മാർ പോലും ഈ വാർത്ത തമസ്‌കരിച്ചു. അന്തിച്ചർച്ചയ്ക്കുള്ള വിഷയവുമായില്ല. മുഖ്യധാരാമാധ്യമങ്ങളുടെ രാഷ്ട്രീയം മാത്രമല്ല, മാധ്യമങ്ങളുടെ കോർപ്പറേറ്റ് വൽക്കരണവും വാർത്താതമസ്‌കരണത്തിന് കാരണമാണ്. കോർപ്പറേറ്റുകൾക്ക്‌ വേണ്ടി ഭരിക്കുന്നവരെ കുറ്റം പറയാൻ ഞങ്ങളില്ല; ഞങ്ങൾ കോർപ്പറ്റേ് മാധ്യമങ്ങളാണ്. മോഡി ഭരണം കോർപ്പറേറ്റുകൾക്ക് വേണ്ടിയുള്ള ഭരണമാണ്. ഇത്തരത്തിൽ ‘ശിങ്കിടി മുതലാളിത്തം’ ആണ് രൂപപ്പെട്ടുവരുന്നത്.

സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയുടെ പാരമ്പര്യമായ നിർഭയ മാധ്യമപ്രവർത്തനം കോട്ടിട്ട് ചർച്ചനയിക്കുന്ന പലർക്കും കൈമോശംവന്നിരിക്കുന്നു. കോർപ്പറേറ്റുകളുടെ കൂലിയെഴുത്തുകാരായി അച്ചടി മാധ്യമവിശാരദന്മാരും മാറിയോ..!?

DONT MISS
Top