‘ആദ്യം സ്വന്തം മന്ത്രിമാരെ വിലയിരുത്തൂ’; അമിത് ഷായ്ക്ക് മെഹബൂബ മുഫ്തിയുടെ മറുപടി

മെഹബൂബ മുഫ്തി

ശ്രീനഗര്‍: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ആരോപണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി. തങ്ങള്‍ക്കെതിരെ ബിജെപി തെറ്റായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും സ്വന്തം മന്ത്രിമാരെയാണ് ബിജെപി ആദ്യം വിലയിരുത്തേണ്ടതെന്നും മുഫ്തി വ്യക്തമാക്കി.

ഞങ്ങളുടെ മുന്‍സഖ്യകക്ഷികള്‍ തെറ്റായ കുറേ ആരോപണങ്ങള്‍ ഇപ്പോള്‍ ഉന്നയിക്കുന്നുണ്ട്. രാം മാധവും രാജ്‌നാഥും മുന്നോട്ടുവെച്ച അജണ്ടയില്‍ നിന്ന് ഞങ്ങള്‍ വ്യതിചലിച്ചിട്ടില്ല. അവരുടെ തന്നെ താത്പര്യങ്ങള്‍ മറന്നുകൊണ്ട് ‘മൃദുസമീപനം’ എന്ന് മുദ്രകുത്തുന്നത് വിഷമകരമാണ്. ജമ്മുകശ്മീരിനെയും ലഡാക്കിനെയും സര്‍ക്കാര്‍ വേര്‍തിരിച്ച് കണ്ടെന്ന ആരോപണവും മുഫ്തി തള്ളി. താഴ്‌വരയില്‍ ഉണ്ടാകുന്ന കലാപങ്ങളിലും 2014 ലെ വെള്ളപ്പൊക്കത്തെ തുടര്‍ന്നുള്ള നാശനഷ്ടങ്ങളിലും കൂടുതല്‍ ശ്രദ്ധ നല്‍കണമായിരുന്നുവെന്നത് വാസ്തവമാണ്, എന്നുകരുതി സര്‍ക്കാര്‍ വികസനത്തില്‍ പുറകോട്ട് പോയി എന്നു പറയുന്നത് തെറ്റാണ്, അവര്‍ കൂട്ടിച്ചേര്‍ത്തു.

ജമ്മുകശ്മീരില്‍ വികസനം കൊണ്ടുവരുന്നതില്‍ മുഫ്തി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അമിത് ഷാ ആരോപിച്ചിരുന്നു. ഇതിനാലാണ് പിഡിപിക്കുള്ള പിന്തുണ പിന്‍വലിച്ചതെന്നും ഷാ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സ്വന്തം മന്ത്രിമാരുടെ പ്രകടനമാണ് അമിത് ഷാ ആദ്യം വിലയിരുത്തേണ്ടതെന്ന് മുഫ്തി തിരിച്ചടിച്ചു. നേരത്തെ അപ്രതീക്ഷിതമായിട്ടായിരുന്നു പിഡിപിയുമായുള്ള സഖ്യം അവസാനിപ്പിക്കാനുള്ള തീരുമാനം ബിജെപി പ്രഖ്യാപിച്ചത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സംസ്ഥാനത്തെ ബിജെപി നേതാക്കളുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സഖ്യം വേര്‍പിരിയാനുള്ള തീരുമാനം.

പിഡിപിയുമായി ചേര്‍ന്ന് പോകാനാകാത്തതിനാലാണ് സഖ്യത്തില്‍ നിന്ന് പിന്‍മാറുന്നതെന്നായിരുന്നു ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവിന്റെ പ്രതികരണം. സഖ്യവുമായി മുന്നോട്ട് പോകുന്നത് ബിജെപിക്ക് ഒരു വിധത്തിലും ഗുണം ചെയ്യില്ലെന്നും കശ്മീരില്‍ വിഘടവാദവും തീവ്രവാദവും കൂടിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് അഭിപ്രായസ്വതന്ത്ര്യം അപകടത്തിലാണെന്നും മോദി സര്‍ക്കാരിന് ചെയ്യാനാകുന്നതെല്ലാം കശ്മീരിന്റെ കാര്യത്തില്‍ ചെയ്തിട്ടുണ്ടെന്നും മാധവ് വ്യക്തമാക്കി.

കത്വയില്‍ പിഞ്ചു ബാലിക ക്രൂരമായി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് ബിജെപി മന്ത്രിമാരെ മുഖ്യമന്ത്രി രാജിവയ്പ്പിച്ചിരുന്നു. സംഭവത്തിലെ പ്രതികള്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു എകതാ മഞ്ച് എന്ന സംഘടന നടത്തിയ പ്രകടനത്തില്‍ പങ്കെടുത്തത് വിവാദമായതിന്റെ പശ്ചാത്തലത്തിലായിരുന്നു രണ്ട് ബിജെപി മന്ത്രിമാര്‍ക്ക് രാജിവയ്ക്കേണ്ടി വന്നത്. ഇതോടെയാണ് ബിജെപിയും പിഡിപിയും തമ്മിലുള്ള അകല്‍ച്ച കൂടിയത്.

DONT MISS
Top