പനാമയ്‌ക്കെതിരെ ഇംഗ്ലണ്ടിന് കൂറ്റന്‍ ജയം; ഹാരി കെയ്‌ന് ഹാട്രിക്, ഗോള്‍ വേട്ടയില്‍ മുന്നില്‍


നൊവൊഗാര്‍ഡ്: ലോകകപ്പിലേക്ക് ഏറെ പ്രതീക്ഷകളുമായെത്തിയ പനാമയെ ഇംഗ്ലണ്ട് ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് തകര്‍ത്തു. അഞ്ചുഗോളുകളും ഒന്നാം പകുതിയില്‍ത്തന്നെയാണ് ഇംഗ്ലണ്ട് നേടിയത്. രണ്ടാം പകുതിയില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി.

ജോണ്‍ സ്‌റ്റോണ്‍സ് രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ ജെസ്സെ ലിംങ്ഗാര്‍ഡ് ഒരു ഗോള്‍ നേടി. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ഹാട്രിക്കോടെ ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമനായി. മൊത്തം അഞ്ച് ഗോളുകളാണ് കെയ്‌നിന്റെ അക്കൗണ്ടിലുള്ളത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലുക്കാകുവും നാല് ഗോളുകളുമായി രണ്ടാം സ്ഥാനത്തുണ്ട്.

രണ്ട് പെനാല്‍റ്റിയാണ് ഒന്നാം പകുതിയില്‍ ഇംഗ്ലണ്ടിന് ലഭിച്ചത്. രണ്ടും കൈകാര്യം ചെയ്തത് ഹാരി കെയ്ന്‍ തന്നെ. രണ്ടാം പകുതിയില്‍ ഫീല്‍ഡ് ഗോളും നേടിയതോടെ കെയ്‌നിനെ മടക്കിവിളിച്ചു.

പനാമയും അവരുടെ രാജ്യത്തിന്റെ അഭിമാനം മൈതാനത്ത് ഉയര്‍ത്തിക്കാട്ടിയാണ് മടങ്ങിയത്. ലോകകപ്പ് സ്വപ്‌നം പൂവണിയിച്ചതോടൊപ്പം ലോകകപ്പിലെ ആദ്യ ഗോള്‍ നേടാനും അവര്‍ക്ക് സാധിച്ചു. ക്യാപ്റ്റ് ഫെലിപ് ബെലോയാണ് ടീമിനായി ഗോള്‍ നേടിയത്.

തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പില്‍നിന്ന് ബെല്‍ജിയവും ഇതോടെ ആദ്യ റൗണ്ടില്‍നിന്നും പ്രീക്വാര്‍ട്ടറിലേക്ക് കയറിയിട്ടുണ്ട്. പനാമയും ടുണീഷ്യയും ലോകകപ്പില്‍നിന്ന് പുറത്താവുകയും ചെയ്തു.

DONT MISS
Top