സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ തോല്‍വി; റഫറിക്കെതിരെ ആരോപണവുമായി സെര്‍ബിയ

ലോകകപ്പില്‍ സ്വിറ്റ്സര്‍ലന്‍ഡിനോടേറ്റ തോല്‍വിക്ക് പിന്നാലെ മാച്ച് റഫറിക്കെതിരെ പരാതിയുമായി സെര്‍ബിയ. മത്സരം നിയന്ത്രിച്ച ഫെലിക്സ് ബ്രിച് പക്ഷപാതപരമായി പെരുമാറി എന്നാണ് സെര്‍ബിയ ഫുട്ബോള്‍ അസോസിയേഷന്റെ ആരോപണം. സ്വിറ്റ്‌സര്‍ലന്‍ഡിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സെര്‍ബിയ പരാജയപ്പെട്ടത്.

ഞങ്ങളുടെ ടീമിനെതിരായ തീരുമാനങ്ങളെടുക്കാന്‍ റഫറിയുടെ പ്രവണത വ്യക്തമാക്കുന്ന ഏഴ് വീഡിയോ റെക്കോഡുകള്‍ തങ്ങള്‍ ഫിഫയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്ന് സെര്‍ബിയ ഫുട്ബോള്‍ അസോസിയേഷന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. മഞ്ഞ കാര്‍ഡ് പുറത്തെടുക്കുന്നതില്‍ വരെ റഫറിയുടെ ഇരട്ടത്താപ്പ് തെളിയുന്നുണ്ടെന്നും ഞങ്ങളുടെ പ്രധാന കളിക്കാരോട് കാണിക്കുന്ന സമീപനമല്ല സമാന സാഹചര്യത്തില്‍ എതിര്‍ ടീമിനോടെന്നും സെര്‍ബിയ ആരോപിച്ചു.

രണ്ടാം പകുതിയില്‍ അലക്‌സാണ്ടര്‍ മിട്രോവിച്ചിന് പെനാല്‍റ്റി നിഷേധിച്ച റഫറി, വീഡിയോ അസിസ്റ്റന്റ് റഫറി(വിഎആര്‍) സംവിധാനം ഉപയോഗിക്കാനും തയ്യാറായില്ല. റഫറിക്കൊഴികെ ലോകമെമ്പാടുമുള്ള കാഴ്ചക്കാര്‍ക്ക് അത് പെനാല്‍റ്റി ആയിരുന്നു. പെനാല്‍റ്റി ലഭിച്ചിരുന്നെങ്കില്‍ മത്സരത്തിന്റെ ഗതിതന്നെ മാറിപ്പോയേനെ എന്നും സെര്‍ബിയ വാദിക്കുന്നു. സ്‌കോര്‍ 1-1 ല്‍ നില്‍ക്കവെയായിരുന്നു സംഭവം.

DONT MISS
Top