‘പണവും സ്വാധീനവും ഉണ്ടെങ്കില്‍ കേരളത്തില്‍ എന്തും നടക്കുമെന്ന സാഹചര്യമാണുള്ളത്’; നമ്മുടെ നാട് വെള്ളരിക്കാപട്ടണമായോയെന്ന് വിഎം സുധീരന്‍

വിഎം സുധീരന്‍

കൊച്ചി: നമ്മുടെ നാട് വെള്ളരിക്കാപട്ടണമായോയെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. പണവും സ്വാധീനവും ഉണ്ടെങ്കില്‍ കേരളത്തില്‍ എന്തും നടക്കുമെന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാവങ്ങളുടെയും തൊഴിലാളികളുടെയും പ്രസ്ഥാനം എന്ന് എപ്പോഴും ഉദ്‌ഘോഷിച്ചു വന്നിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇപ്പോള്‍ സമ്പന്ന ശക്തികളുടെയും കുറ്റവാളികളുടെയും സംരക്ഷകരായി മാറുന്ന വൈരുദ്ധ്യങ്ങള്‍ ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണെന്നും സുധീരന്‍ ആരോപിച്ചു.

അതിസമ്പന്നര്‍ക്കും ഭരണതലത്തില്‍ സ്വാധീനമുള്ളവര്‍ക്കും അധികാരസ്ഥാനത്തിരിക്കുന്നവര്‍ക്കും നിയമങ്ങളൊന്നും ബാധകമല്ലാത്ത ദുസ്ഥിതി കേരളത്തില്‍ വന്നിരിക്കുന്നു. അവരെല്ലാം നിയമവ്യവസ്ഥയെ തന്നെ നഗ്‌നമായി വെല്ലുവിളിക്കുന്ന അവസ്ഥയില്‍ എത്തിയിരിക്കുകയാണ്. പാവങ്ങളും സാധാരണക്കാരും മാത്രം നിയമങ്ങളൊക്കെ അനുസരിച്ച് ജീവിച്ചാല്‍ മതി. പ്രമാണി വര്‍ഗത്തിന് നിയമങ്ങളെത്തന്നെ പുച്ഛമാണ്. നിയമപരമായി തങ്ങളെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്ന മനോഭാവമാണ് അവര്‍ക്കുള്ളത്. ഇപ്രകാരമൊരു ദുരവസ്ഥ കേരളത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത്തരം സാഹചര്യമുണ്ടെന്ന് കേട്ടിട്ടുണ്ട്. ഇപ്പോള്‍ ആ സംസ്ഥാനങ്ങളെ പോലും നമ്മുടെ നാട് കടത്തി വെട്ടിയിരിക്കുന്നു, സുധീരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തോമസ് ചാണ്ടിയും പിവി അന്‍വറും ജോയ്‌സ് ജോര്‍ജുമൊക്കെ നടത്തിയ നിയമ ലംഘനങ്ങളില്‍ അവരുടെ സംരക്ഷകരായി മുഖ്യമന്ത്രി തന്നെ മാറിയതിന് നാടും ജനങ്ങളും സാക്ഷിയായി. നിയമവും നീതിയും ജനങ്ങളുടെ രക്ഷയും ഉറപ്പുവരുത്തേണ്ട സംസ്ഥാന പൊലീസ് അതുമാത്രം ചെയ്യാത്ത സ്ഥിതിയിലായി. ജനങ്ങളുടെ അന്തകരും മനുഷ്യാവകാശ ലംഘകരുമായി മുഖ്യ ഭരണകക്ഷിയുടെ പിന്തുണയോടെ അവര്‍ മാറി.  വരാപ്പുഴയില്‍ പൊലീസുകാരാല്‍ കൊലചെയ്യപ്പെട്ട ശ്രീജിത്തിന്റെ കുടുംബം ഇപ്പോഴും നീതിക്കായി കേഴുന്നു. പൊലീസിലെ ഉന്നതനായ എവി ജോര്‍ജിന്റെ കാര്യത്തില്‍ നിയമം തെന്നി മാറുന്നതും കാണാനായി. കെവിന്റെ കൊലപാതകത്തിലും പൊലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടന്നതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.

എഡിജിപിയുടെ മകളുടെ പേരിലുള്ള കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ പൊലീസിലെ ഉന്നതര്‍ സംഘടിതമായി നടത്തുന്നതായ ആശങ്കാജനകമായ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ പേരില്‍ ഉയര്‍ന്നുവന്ന ഗുരുതരമായ ആക്ഷേപങ്ങളില്‍ യഥാസമയം നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ പൊലീസ് നടത്തിയ കള്ളക്കളികള്‍ എത്രയോ പരിഹാസ്യമായിരിക്കുന്നു. പേടി കൊണ്ടും മകന്റെ ഭാവിയോര്‍ത്തും കേസില്‍ നിന്നും പിന്തിരിയാന്‍ അമ്മയും മകനും തയ്യാറാകുന്ന അവസ്ഥ സൃഷ്ടിച്ചത് പൊലീസ് തന്നെയാണ്. ഇതെല്ലാം വരുത്തിവെച്ച നാണക്കേടില്‍ നിന്നും കേരള പൊലീസിന് തലയൂരാനാകില്ല. പണവും സ്വാധീനവും ഉണ്ടെങ്കില്‍ കേരളത്തില്‍ എന്തും നടക്കുമെന്ന സാഹചര്യമാണുള്ളത്.

ഏറ്റവും ഒടുവില്‍ വിദേശ വനിതയുടെ കൊലപാതകത്തില്‍ വീണ്ടും പരാതിയുമായി ഭര്‍ത്താവും സുഹൃത്തുക്കളും മുന്നോട്ട് വന്നിരിക്കുന്നു. ഭരണതലത്തില്‍ പെട്ടവര്‍ തന്നെ സ്‌പോണ്‍സര്‍ ചെയ്ത ‘ആദരാഞ്ജലി’ സമര്‍പ്പണവും അനന്തര നടപടികളും വീണ്ടും ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിയിലായി. കേരള പൊലീസിന് വലിയൊരു വിശ്വാസ്യതാ പ്രതിസന്ധി തന്നെ വന്നിരിക്കുന്നു. സമീപകാലത്തുണ്ടായ ഷുഹൈബ് വധം, വരാപ്പുഴ കേസ്, ജെസ്‌നയുടെ തിരോധാനം, വിദേശ വനിതയുടെ കൊലപാതകം തുടങ്ങിയ എല്ലാ കേസുകളും സിബിഐ അന്വേഷിക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നിട്ടുള്ളത്. അന്വേഷണം ഉന്നതരിലേക്ക് എത്തുമെന്ന സാഹചര്യത്തില്‍ പൊലീസ് വഴുതിമാറി നിയമത്തെ കാറ്റില്‍ പറത്തുന്ന നടപടികളാണ് കേരള പൊലീസിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പ്പിച്ചിട്ടുള്ളത്. അവിടെയാണ് സിബിഐ അന്വേഷണം എന്ന ആവശ്യത്തിന്റെ പ്രസക്തി.

പാവങ്ങളുടെയും തൊഴിലാളികളുടെയും പ്രസ്ഥാനം എന്ന് എപ്പോഴും ഉദ്‌ഘോഷിച്ചു വന്നിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇപ്പോള്‍ സമ്പന്ന ശക്തികളുടെയും കുറ്റവാളികളുടെയും സംരക്ഷകരായി മാറുന്ന വൈരുദ്ധ്യങ്ങള്‍ ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. നാടിനെ സ്‌നേഹിക്കുന്ന, നിയമവാഴ്ച നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ആരും ഇങ്ങനെ ചോദിച്ചു പോകും- നമ്മുടെ നാട് വെള്ളരിക്കാ പട്ടണമായോ, സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

DONT MISS
Top