രാഷ്ട്രീയപ്രവേശനം: ചര്‍ച്ചകള്‍ നടക്കുന്നു, തീരുമാനം എടുത്തിട്ടില്ലെന്ന് സരിത നായര്‍

സരിത എസ് നായര്‍

രാഷ്ട്രീയപ്രവേശന ചര്‍ച്ചകള്‍ സ്ഥിരീകരിച്ച് സരിത എസ് നായര്‍. രാഷ്ട്രീയപ്രവേശനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുകയാണെന്നും എന്നാല്‍ അന്തിമതീരുമാനത്തില്‍ എത്തിയിട്ടില്ലെന്നും സരിത പറഞ്ഞു. രാഷ്ട്രീത്തില്‍ ഇറങ്ങണോ എന്നതില്‍ തീരുമാനം എടുത്തിട്ടില്ല. കൂടുതല്‍ ആലോചിച്ച് മാത്രമെ അന്തിമതീരുമാനം കൈക്കൊള്ളു. സരിത പറഞ്ഞു.

ടിടിവി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം പാര്‍ട്ടി നേതാക്കളാണ് സരിതയുമായി ചര്‍ച്ചകള്‍ നടത്തുന്നത്. കഴിഞ്ഞയാഴ്ച തമിഴ്‌നാട് മുന്‍മന്ത്രിയും അമ്മ മക്കള്‍ മുന്നേറ്റ കഴകം കന്യാകുമാരി ജില്ലാ സെക്രട്ടറിയുമായ കെടി പച്ചമാലുമായി ചര്‍ച്ച നടത്തിയതായി സരിത വ്യക്തമാക്കി. അന്നത്തെ ചര്‍ച്ചയുടെ ചിത്രങ്ങളാണ് പ്രചരിക്കുന്നതെന്നും സരിത പറഞ്ഞു. രണ്ട് വര്‍ഷം മുന്‍പ് തന്നെ ദിനകരന്‍ വിഭാഗം നേതാക്കള്‍ തന്നെ സമീപിച്ചിരുന്നെന്നും എന്നാല്‍ ആ പാര്‍ട്ടിയിലെ ചില പ്രശ്‌നങ്ങള്‍ കാരണം ചര്‍ച്ച ഇടയ്ക്ക് നിന്നുപോയെന്നും സരിത പറഞ്ഞു. വീണ്ടും അവര്‍ തന്നെ സമീപിക്കുകയായിരുന്നു. എന്നാല്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

കേരളത്തിലെ ഒരു പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാനാകില്ല. കോണ്‍ഗ്രസിന് എതിരാണ് എന്റെ രാഷ്ട്രീയം. കോണ്‍ഗ്രസുമായി ഒരിക്കലും സഹകരിച്ച് പ്രവര്‍ത്തിക്കാനാകില്ല. സ്ത്രീകള്‍ക്ക് വിലകല്‍പ്പിക്കാത്ത പാര്‍ട്ടിയാണത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അത് തനിക്കെതിരെ അപവാദപ്രചരണത്തിന് മറുകക്ഷികള്‍ ഉപയോഗിക്കും. കോണ്‍ഗ്രസിനെതിരെ താന്‍ കേസ് നല്‍കിയതിന് പിന്നില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന് ചിത്രീകരിക്കും. അതിനാലാണ് പുതിയ ഒരു പാര്‍ട്ടി എന്ന ചിന്ത വന്നത്.

കോണ്‍ഗ്രസിനോട് ചേരുന്ന ഒരു കാര്യത്തിനും ഞാനുണ്ടാകില്ല. തമിഴ്‌നാട്ടില്‍ കമ്പനി തുടങ്ങിയപ്പോള്‍ ആദ്യം സമരവുമായി എത്തിയത് കോണ്‍ഗ്രസുകാരായിരുന്നു. ബിസിനസും രാഷ്ട്രീയവും കൂട്ടികുഴയ്ക്കുന്ന സാഹചര്യം അവിടെയുണ്ടായി. എന്നാല്‍ അതിലൊന്നും താന്‍ തളര്‍ന്നില്ല. എന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം നശിപ്പിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതിനാല്‍ കോണ്‍ഗ്രസ് എവിടെയുണ്ടോ എതിരെ ഞാനുണ്ടാകും. ഇത് താന്‍ നേരത്തെ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. അതൊരിക്കലും പാര്‍ട്ടിയോടുളള വിരോധമല്ല. തെറ്റ് ചെയ്യുന്നവരെ പോലും സംരക്ഷിക്കുന്ന അവരുടെ നിലപാടുകള്‍ക്ക് എതിരെയാണ്.

DONT MISS
Top