‘പിണറായി വിജയന്‍ മൂന്നാംകിട രാഷ്ട്രീയം കളിക്കുകയാണ്’; അതിന് കൂട്ടുനില്‍ക്കാന്‍ വേറെ ആളെ നോക്കണമെന്നും കെ സുരേന്ദ്രന്‍

കെ സുരേന്ദ്രന്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നാംകിട രാഷ്ട്രീയം കളിക്കുകയാണെന്നും ആ കളിക്ക് വേറെ ആളെ നോക്കണമെന്നും ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഏറ്റവും കൂടുതല്‍ റേഷന്‍ കരിഞ്ചത്ത നടക്കുന്ന സംസ്ഥാനം കേരളമാണെന്നും ഭക്ഷ്യഭദ്രതാ നിയമം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ഇതുവരെ കേരളം നടപ്പാക്കിയിട്ടില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

രാഷ്ട്രീയനേട്ടത്തിനുവേണ്ടി വിലകുറഞ്ഞ പ്രചാരണം നടത്തുന്ന പിണറായി വിജയന്റെ നാടകത്തിന് കൂട്ടുനില്‍ക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണമെന്ന് പറയുന്നത് ബാലിശമാണെന്ന് പറഞ്ഞ സുരേന്ദ്രന്‍, കേന്ദ്രം അനുവദിക്കുന്ന ഭക്ഷ്യധാന്യങ്ങളുടേയും ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളുടേയും ഒരു മാസത്തെ കണക്ക് വെളിപ്പെടുത്താന്‍ പിണറായി വിജയന്‍ തയ്യാറാവണമെന്നും കൂട്ടിച്ചേര്‍ത്തു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രിക്കെതിരെ സുരേന്ദ്രന്റെ വിമര്‍ശനം.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

പിണറായി വിജയന്‍ മൂന്നാംകിട രാഷ്ട്രീയം കളിക്കുകയാണ്. ആ കളിക്ക് കൂട്ടുനില്‍ക്കാന്‍ വേറെ ആളെ നോക്കണം. കേരളത്തിന് അനുവദിക്കുന്ന അരിയും ഗോതമ്പും അധികമാണ്. ഗുണഭോക്താക്കള്‍ക്ക് അത് മുഴുവന്‍ ലഭിക്കുന്നുമില്ല. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റേഷന്‍ കരിഞ്ചന്ത നടക്കുന്ന സംസ്ഥാനം കേരളമാണ്. ഭക്ഷ്യഭദ്രതാ നിയമം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ഇതുവരെ കേരളം നടപ്പാക്കിയിട്ടില്ല. റേഷന്‍ ഷാപ്പുകളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ണ്ണമായും പൂര്‍ത്തിയായിട്ടില്ല. താലൂക്ക് സപ്ലൈ ഓഫീസുകളിലെയും ഗതി ഇതു തന്നെ.

നിത്യേന എഫ്‌സിഐ ഗോഡൗണുകളില്‍ നിന്ന് അരിയും ഗോതമ്പും കടത്തുന്നതിന്റെ വാര്‍ത്തകള്‍ വരുന്നു. കാര്‍ഡുടമകളില്‍ മഹാഭൂരിപക്ഷവും ഗോതമ്പ് വാങ്ങുന്നേയില്ല. ആട്ട മൈദ മില്ലുടമകള്‍ ആണ് ഇതു കടത്തുന്നത്. ഓണം, ക്രിസ്തുമസ്സ്, റംസാന്‍ തുടങ്ങിയ ആഘോഷവേളകളില്‍ നടത്തുന്ന ചന്തകള്‍ വലിയ തട്ടിപ്പാണ്. കള്ളബില്ലുണ്ടാക്കി മറിച്ചുവില്‍ക്കുകയാണ്. ഒരു ലക്ഷത്തി നാല്‍പ്പത്തിരണ്ടായിരം മെട്രിക് ടണ്‍ അരി കിട്ടുന്നതില്‍ വലിയൊരുഭാഗം മറിച്ചുവില്‍ക്കുകയാണ്. വിപണിയില്‍ കിട്ടുന്ന പല സോര്‍ട്ടെക്‌സ് അരികളും റേഷനരി പോളീഷ് ചെയ്ത് മാര്‍ക്കറ്റ് ചെയ്യുന്നതാണ്.

ഇതൊന്നും കാണാതെ രാഷ്ട്രീയനേട്ടത്തിനുവേണ്ടി വിലകുറഞ്ഞ പ്രചാരണം നടത്തുന്ന പിണറായി വിജയന്റെ നാടകത്തിന് കൂട്ടുനില്‍ക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണമെന്ന് പറയുന്നത് ബാലിശമാണ്. കേന്ദ്രം അനുവദിക്കുന്ന ഭക്ഷ്യധാന്യങ്ങളുടേയും ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളുടേയും ഒരു മാസത്തെ കണക്ക് വെളിപ്പെടുത്താന്‍ പിണറായി വിജയന്‍ തയ്യാറാവണം, സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

DONT MISS
Top