ചരിത്രം കുറിച്ച് സൗദി; സ്ത്രീകള്‍ വളയംപിടിച്ച കാറുകള്‍ നിരത്തുകളിലൂടെ ചീറിപ്പാഞ്ഞു

അല്‍ വലീദ് ബിന്‍ തലാലിന്റെ മകള്‍ കാര്‍ ഓടിക്കുന്ന ദൃശ്യം

ജിദ്ദ: സൗദി അറേബ്യ ഇന്ന് ചരിത്രംകുറിച്ചു. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സ്ത്രീകള്‍ വളയം പിടിച്ചകാറുകള്‍ നിരത്തുകളിലിറങ്ങി.

സൗദി രാജകുടുംബാംഗവും കോടീശ്വരനുമായ അല്‍ വലീദ് ബിന്‍ തലാല്‍ തന്റെ മകള്‍ റീം വാഹനം ഡ്രൈവ്‌ചെയ്യുന്ന ഫോട്ടോയും വീഡിയോയും ട്വിറ്റര്‍ അക്കൗണ്ടില്‍ ഇന്ന് പങ്കുവെച്ചു. മകള്‍ ഡ്രൈവ് ചെയ്ത് ഓടിച്ച വാഹനത്തില്‍ വലീദ് ബിന്‍ തലാലും മൂന്ന് പൗത്രിമാരും ഉണ്ടായിരുന്നു. ശനിയാഴ്ച രാത്രി 12 മണികഴിഞ്ഞ് ഞായറാഴ്ച പിറന്ന ഉടന്ത്ന്നെ 12.01ന് അല്‍ വലീദ് ബിന്‍ തലാലിന്റെ മകള്‍ വാഹനവുമായി റിയാദിലെ റോഡിലിറങ്ങി ചരിതം കുറിച്ചു.

സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുവാദം നല്കിയത്സൗരാജ്യത്തിന്റെ വലിയ നേട്ടമാണെന്നും സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് രാജാവിന് നന്ദി പറയുന്നതായും അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍ പറഞ്ഞു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കുമാരന്റെ ഭാവനയാണ് ഈ മാറ്റത്തിന് തുണയായതെന്നും അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍ കൂട്ടിച്ചേര്‍ത്തു.

ഒരു ബഹറൈന്‍ വനിതയും ആദ്യമായി സൗദിയില്‍ വാഹനമോടിക്കുന്നതിന്റെ വീഡിയോയും സമുഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സൗദിയുടെ വിവിധ പ്രവിശ്യകളില്‍ വനിതകള്‍ ഇന്ന് വാഹനമേടിച്ച് പൊതുനിരത്തിലിറങ്ങിയതായാണ് വാര്‍ത്തകള്‍.

DONT MISS
Top