അര്‍ജന്റീനയ്ക്കും ആരാധകര്‍ക്കും ആശ്വസിക്കാം, നൈജീരിയ ഐസ്‌ലന്റിനെ പരാജയപ്പെടുത്തി


വോള്‍ഗോഗ്രാഡ്: ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ഐസ്‌ലന്റിനെ നൈജീരിയ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. നടന്നത് ഐസ്‌ലന്റും നൈജീരിയയും തമ്മിലുള്ള മത്സരമായിരുന്നെങ്കിലും അര്‍ജന്റീനയുടെ ആരാധകരാണ് മത്സരം ഏറ്റവും പ്രാധാന്യത്തോടെ കണ്ടത്. ഐസ്‌ലന്റിന്റെ പരാജയത്തോടെ ലോകകപ്പിലെ അര്‍ജന്റീനയുടെ അവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട്.

49-ാം മിനുട്ടില്‍ അഹമ്മദ് മൂസയാണ് നൈജീരിയയ്ക്കായി ഗോള്‍ നേടിയത്. 75-ാം മിനുട്ടിലും അദ്ദേഹം എതില്‍ വല കുലുക്കി. ഇതിന് മറുപടി നല്‍കാന്‍ ഐസ്‌ലന്റിന് സുവര്‍ണാവസരമെന്ന നിലയില്‍ ലഭിച്ച പെനാല്‍റ്റി ടീം പാഴാക്കുകയും ചെയ്തു. വാര്‍ സംവിധാനം വഴി ലഭിച്ച പെനാല്‍റ്റി ഗോളാക്കിയിരുന്നെങ്കില്‍ അത് ടീമിന് ജീവശ്വാസം നല്‍കുമായിരുന്നു.

ക്രൊയേഷ്യയുമായി നടക്കാനിരിക്കുന്ന ഐസ്‌ലന്റിന്റെ കളി സമനിലയാവുകയോ ക്രൊയേഷ്യ വിജയിക്കുകയോ വേണം. എങ്കില്‍ മാത്രമേ അര്‍ജന്റീനയ്ക്ക് ഇനി സാധ്യതകളുള്ളൂ. എന്നാല്‍ അതിനേക്കാള്‍ പ്രധാനപ്പെട്ടത് നൈജീരിയയുമായി ഇനി നടക്കാനിരിക്കുന്ന അര്‍ജന്റീനയുടെ മത്സരമാണ്. അവസാന അവസരമെന്ന നിലയില്‍ മെസ്സിയും കൂട്ടരും ഈ സാഹചര്യം കൈകാര്യം ചെയ്തില്ലെങ്കില്‍ അര്‍ജന്റീനിയന്‍ ആരാധകര്‍ വീണ്ടും കണ്ണീര്‍വാര്‍ക്കേണ്ടിവരും.

DONT MISS
Top