അഞ്ച് ദിവസം കൊണ്ട് 750 കോടി നേടിയതിന് അമിത് ഷായെ അഭിനന്ദിക്കുന്നതായി രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി, അമിത് ഷാ

ദില്ലി: ഒന്നര വര്‍ഷം മുന്‍പ് നോട്ട് നിരോധനം കൊണ്ടുവന്നശേഷം ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ബാങ്ക് 745 കോടി രൂപയുടെ നിക്ഷേപം നേടിയ വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ഈ ‘നേട്ടം’ കൈവരിച്ചതിന് ബിജെപി അധ്യക്ഷനെ അഭിനന്ദിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി. നോട്ട് നിരോധനത്തിന് ശേഷം അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാസഹകരണബാങ്കില്‍ അഞ്ചുദിവസം കൊണ്ട് 500, 1000 രൂപയുടെ 745.59 കോടി രൂപയുടെ നിക്ഷേപമെത്തിയെന്നായിരുന്നു വാര്‍ത്ത. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ തന്റെ ട്വീറ്റിലൂടെ അമിത് ഷായെ പരിഹസിച്ചത്.

‘താങ്കർ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് പഴയ നോട്ടുകൾ മാറ്റിക്കൊടുത്തതിൽ ഒന്നാം സ്ഥാനം നേടിയതിന് അഭിനന്ദനങ്ങൾ. അഞ്ചു ദിവസം കൊണ്ട് 750 കോടി. കോടിക്കണക്കിന് ഇന്ത്യക്കാർ നോട്ടുനിരോധനത്തിൽ കഷ്ടമനുഭവിച്ചപ്പോൾ താങ്കളുടെ നേട്ടത്തിനു അഭിവാദ്യങ്ങൾ’– ഇതായിരുന്നു രാഹുലിന്റെ ട്വീറ്റ്. ഇതിനൊപ്പം നിരോധിച്ച നോട്ടുകൾ ഏറ്റവുമധികം സ്വീകരിച്ച ബാങ്കിന്റെ ഡയറക്ടർ, നോട്ടുനിരോധനത്തിനു ശേഷം 81 ശതമാനം കൂടുതൽ സമ്പന്നമായ പാർട്ടിയുടെ പ്രസിഡന്റ് എന്നിങ്ങനെ വിശേഷിപ്പിച്ച് അമിത് ഷായുടെ ചിത്രവും രാഹുൽ പോസ്റ്റ് ചെയ്തു.

2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം ഏര്‍പ്പെടുത്തി അഞ്ച് ദിവസത്തിനകമാണ്  അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാസഹകരണബാങ്കില്‍ 745.59 കോടി രൂപയുടെ അസാധു നോട്ടുകളുടെ നിക്ഷേപമെത്തിയത്. മുംബൈ സ്വദേശി നല്‍കിയ വിവരാവകാശ അപേക്ഷ പ്രകാരം ലഭിച്ച മറുപടിയിലൂടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്.

ഗുജറാത്തിലെ തന്നെ രാജ്‌കോട്ട് ജില്ലാ സഹകരണ ബാങ്കിനാണ് അസാധു നോട്ട് നിക്ഷേപത്തില്‍ രണ്ടാം സ്ഥാനം. 693.19 കോടി രൂപയുടെ അസാധു നോട്ടുകളാണ് ബാങ്ക് സ്വീകരിച്ചിരിക്കുന്നത്. ബിജെപി നേതാവും വിജയ് രൂപാണി മന്ത്രി സഭയിലെ ക്യാബിനറ്റ് മന്ത്രിയുമായ ജയേഷാഭായി വിത്തല്‍ഭായി രാദാദിയാണ് ഈ ബാങ്കിന്റെ ഡയറക്ടര്‍.

നോട്ട് നിരോധനം ഏര്‍പ്പെടുത്തി അഞ്ച് ദിവസം മാത്രമായിരുന്നു ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് നിരോധിച്ച് നോട്ടുകള്‍ സ്വീകരിക്കാനുള്ള അനുമതി നല്‍കിയിരുന്നത്. നവംബര്‍ 14, 2016 മുതല്‍ അസാധുവായ നോട്ടുകള്‍ സ്വീകരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സഹകരണ ബാങ്കുകള്‍ വഴി കള്ളപ്പണം വെളുപ്പിക്കും എന്ന സംശയത്തെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

DONT MISS
Top