വീണ്ടും കുട്ടീന്യോ, കൂടെ നെയ്മറും; കാനറിപ്പടയ്ക്ക് ഗംഭീര വിജയം

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്റുമായി വഴങ്ങേണ്ടിവന്ന സമനിലയുടെ ക്ഷീണം തീര്‍ക്കാന്‍ കളത്തിലിറങ്ങിയ ബ്രസീലിന് ഗംഭീര വിജയം. കോസ്റ്റാറിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്രസീല്‍ തകര്‍ത്തത്. കുട്ടീന്യോയും നെയ്മറുമാണ് ബ്രസീലിന്റെ ഗോള്‍ ശില്‍പികള്‍.

തൊണ്ണൂറുമിനുട്ടുകള്‍ക്ക് ശേഷമാണ് ബ്രസീലിന്റെ രണ്ട് ഗോളുകളും പിറന്നത്. ഇഞ്ചുറി ടൈമിന്റെ ആദ്യ മിനുട്ടിലാണ് കുട്ടീന്യോയുടെ ഗോള്‍ വന്നത്. അത്രനേരം പിന്തുടര്‍ന്ന ഗോള്‍വരള്‍ച്ച ഒഴിവായതിന്റെ ആവേശത്തില്‍ കാനറിപ്പടയുണര്‍ന്നു. പിന്നീട് ഇഞ്ചുറി ടൈമിന്റെ അവസാന മിനുട്ടില്‍ ആരാധകരുടെ പ്രതീക്ഷകള്‍ മുഴുവന്‍ താന്‍ കാത്തുസൂക്ഷിക്കുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ട് നെയ്മറും ഗോള്‍വല കുലുക്കി. ഇതോടെ ലോകമെമ്പാടുമുള്ള ബ്രസീല്‍ ആരാധകര്‍ ആവേശത്തിമര്‍പ്പിലായി.

കളിയുടെ കൂടുതല്‍ സമയത്തും ബോള്‍ കയ്യില്‍ വച്ചത് ബ്രസീലാണെങ്കിലും ഗോളുകള്‍ പിറക്കാത്തത് ആരാധകരെ തെല്ല് നിരാശരാക്കിയിരുന്നു. ഈ ലോകകപ്പിലെ ഗോള്‍ പിറക്കാത്ത ആദ്യ കളിയായി ബ്രസീല്‍-കൊസ്റ്റാറിക്ക മത്സരം മാറുമോ എന്നുപോലും ഒരവസരത്തില്‍ സംശയമുണര്‍ന്നു. ലഭിച്ച നിരവധി അവസരങ്ങള്‍ ബ്രസീല്‍ പാഴാക്കി. പെനാല്‍റ്റി ബോക്‌സിനുള്ളിലെ നെയ്മറുടെ അഭിനയം വാര്‍ കയ്യോടെ പിടിച്ചതും ടീമിന് നാണക്കേടായി. ഇടയ്ക്കിടെ ചില മികവുകള്‍ കൊസ്റ്റാറിക്ക പ്രകടിപ്പിക്കുന്നുമുണ്ടായിരുന്നു. എന്നാല്‍ അവസരത്തിനൊത്തുണര്‍ന്ന ബ്രസീല്‍ തങ്ങളുടെ ആരാധകര്‍ക്ക് വിരുന്നൊരുക്കി. കുട്ടീന്യോയാണ് കളിയിലെ കേമന്‍.

ഇതോടെ രണ്ട് മത്സരത്തില്‍നിന്ന് ബ്രസീലിന് നാല് പോയന്റുകളായി. എന്നാല്‍ ആദ്യ മത്സരത്തില്‍ സെര്‍ബിയയോട് തോല്‍വി വഴങ്ങിയ കോസ്റ്റാറിക്കയുടെ ലോകകപ്പിലെ പ്രതീക്ഷകള്‍ അസ്തമിച്ചു.

DONT MISS
Top