നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമഭേദഗതി നിയമസഭയില്‍ അവതരിപ്പിക്കരുത്: ചെന്നിത്തല

രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലെ നെല്‍വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും അന്തകനായി മാറുന്ന നെല്‍വയല്‍-തണ്ണീര്‍ത്തട ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

വിവാദമായ ഈ ഭേദഗതി തിങ്കളാഴ്ച സഭയില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തിലെ തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും ഭൂമാഫിയയ്ക്കും കുത്തകകള്‍ക്കും തീറെഴുതാനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണ് ഈ ബില്‍. 2008 ല്‍ അന്നത്തെ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ തന്നെ തകിടം മറിക്കുകയാണ് ഈ പുതിയ ഭേദഗതിയിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്.

വന്‍കിട മുതലാളിമാര്‍ക്ക് നിര്‍ബാധം കേരളത്തിലെ വയലുകളും തണ്ണീര്‍ത്തടങ്ങളും തീറെഴുതാനുള്ള നീക്കമാണ് ഈ ബില്ലിലൂടെ സര്‍ക്കര്‍ നടത്തുന്നത്. യാതൊരു നിബന്ധനയും കൂടാതെ നെല്‍വയലുകള്‍ ഭൂമാഫിയയ്ക്ക് പതിച്ച് കൊടുക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു ബില്‍ കൊണ്ടുവന്നിരിക്കുന്നത്. തണ്ണീര്‍ത്തടങ്ങളുടെയും നെല്‍വയലുകളുടെയും പൂര്‍ണ്ണമായ നാശത്തിനേ ഇത് വഴിയൊരുക്കൂ.

നെല്‍വയല്‍, തണ്ണീര്‍ത്തടം, കരഭൂമി എന്നിവ കൂടാതെ വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി എന്നൊരു പദവി കൂടി സൃഷ്ടിച്ച് തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും റിയല്‍ എസ്റ്റേറ്റ് മാഫിയയ്ക്ക് വില്‍ക്കുക എന്നത് മാത്രമാണ് ഈ ഭേദഗതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. അതൊരിക്കലും അനുവദിക്കാനാകില്ല. നെല്‍വയല്‍ നികത്തുന്നതിന് പ്രാദേശികതല നിരീക്ഷണ സമിതിയുടെ അനുമതി ആവശ്യമായിരുന്നത് പോലും ഭേദഗതിയിലൂടെ എടുത്തുകളയുകയാണ്.

പൊതു ആവശ്യങ്ങള്‍ക്ക് എന്ന പേരില്‍ സര്‍ക്കാരിന് മാത്രമല്ല സ്വകാര്യ ഗ്രൂപ്പുകള്‍ക്കും വയല്‍ നികത്താന്‍ അനുമതി നല്‍കുന്ന ഈ ഭേദഗതി ബില്‍ കേരളത്തിന്റെ പച്ചപ്പിനെ തന്നെ ഇല്ലാതാക്കുമെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

DONT MISS
Top