ജാര്‍ഖണ്ഡില്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി അഞ്ച് സാമൂഹ്യ പ്രവര്‍ത്തകരെ കൂട്ടബലാത്സംഗം ചെയ്തു

പ്രതീകാത്മക ചിത്രം

റാഞ്ചി: ജാര്‍ഖണ്ഡിലെ കോച്ചാംഗില്‍ സാമൂഹ്യ പ്രവര്‍ത്തകരായ അഞ്ച് സ്ത്രീകളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ട ബലാത്സംഗം ചെയ്തു. ആദിവാസി മേഖലകളില്‍ ബോധവത്ക്കരണ ക്ലാസുകള്‍ നല്‍കുന്ന ഒരു സ്വകാര്യ സംഘത്തിന് നേരെയായിരുന്നു അക്രമം. ഇവരുടെ സംഘത്തിലുണ്ടായിരുന്ന പുരുഷന്മാരെ മര്‍ദ്ദിച്ച് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് സ്ത്രീകളെ ബലാത്സംഗം ചെയ്തത്.

പ്രദേശത്തെ ക്രിസ്ത്യന്‍ മിഷണറിയുടെ സഹായത്തിലാണ് പതിനൊന്നു പേരടങ്ങുന്ന സംഘം ആദിവാസി മേഖലയിലെ ജനങ്ങളെ ബോധവത്കരിക്കുന്നത്. മനുഷ്യക്കടുത്തുമായി ബന്ധപ്പെട്ട് ഒരു തെരുവുനാടകം അവതരിപ്പിക്കാനാണ് ഇവര്‍ കോച്ചാംഗില്‍ എത്തിയത്.

നാടകം അവതരിപ്പിക്കുന്നതിനിടയില്‍ തോക്ക്ധാരികളായ സംഘം ബൈക്കില്‍ എത്തിച്ചേരുകയായിരുന്നു. അക്രമകാരികള്‍ സ്ത്രീകളുടെ കൂടെ ഉണ്ടായിരുന്നു പുരുഷന്മാരെ മര്‍ദ്ദിച്ചവശരാക്കി. ശേഷം യുവതികളെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ അക്രമകാരികള്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്.

തട്ടിക്കൊണ്ടുപോയ സ്ത്രീകളെ മൂന്ന് മണിക്കൂറിനുശേഷമാണ് അക്രമകാരികള്‍ കാട്ടില്‍ നിന്നും പുറത്തു കടക്കാന്‍ അനുവദിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന രണ്ട് കന്യാസ്ത്രീകളെ ഉപദ്രവിക്കാതെ വിട്ടു.സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമത്തിനു പിന്നില്‍ പതല്‍ഗഡി വിഭാഗം ആണെന്നാണ് പൊലീസിന്റെ നിഗമനം. വൈദ്യ പരിശോധനയില്‍ സ്ത്രീകള്‍ ലൈംഗിക പീഡനത്തിന് വിധേയരായതായി തെളിഞ്ഞിട്ടുണ്ട്.

DONT MISS
Top