അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് കോട്ടയത്ത് യുവാവ് വീടുവിട്ടിറങ്ങി, ആറ്റില്‍ ചാടിയെന്ന് സംശയം; തെരച്ചില്‍ തുടരുന്നു

ലോകകപ്പ്:ഫുട്‌ബോളില്‍ അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് കോട്ടയത്ത് വീട് വീട്ടിറങ്ങിയ ആരാധകനായ യുവാവിനെ കാണാനില്ല. അയര്‍ക്കുന്നം അമയന്നൂര്‍ കൊറ്റത്തില്‍ ചാണ്ടിയുടെ മകന്‍ ബിനു(30)വിനെയാണ് കാണാതായത്. അമയന്നൂരിനു സമീപം മീനച്ചിലാറ്റില്‍ ഇയാള്‍ ചാടിയെന്ന സംശയത്തെ തുടര്‍ന്ന് അയര്‍ക്കുന്നം പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

ലോകകപ്പില്‍ ക്രൊയേഷ്യയുമായി തമ്മില്‍ ഇന്നലെ രാത്രിയില്‍ നടന്ന മത്സരത്തില്‍ അര്‍ജന്റീന എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെട്ടിരുന്നു. രാത്രി ഒരു മണിവരെ ബിനു കളി കാണുന്നത് അമ്മ കണ്ടിരുന്നു. ഇന്നു പുലര്‍ച്ചെ നോക്കിയപ്പോഴാണ് ബിനുവിനെ വീട്ടില്‍ കാണാനില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നു വിവരം അയര്‍ക്കുന്നം പൊലീസിനെ അറിയിക്കുകയായിരുന്നു.

ലോകത്ത് എനിക്ക് ഇനി ഒന്നും കാണാനില്ല. എനിക്ക് കാണാനാവാത്തതെല്ലാം ഞാന്‍ കണ്ടു കഴിഞ്ഞു. ഞാന്‍ മരണത്തിന്റെ ആഴങ്ങളിലേയ്ക്കു പോകുന്നു. ഇങ്ങനെ രേഖപ്പെടുത്തിയ ബിനുവിന്റെതെന്ന് സംശയിക്കുന്ന കുറിപ്പ് വീട്ടില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളെ കാണാനില്ലെന്ന വിവരം അറിഞ്ഞതോടെ അയര്‍ക്കുന്നം പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് ഡോഗ് സ്‌ക്വാഡിലെ സ്‌നിഫര്‍ ഡോഗ് ജില്ലിനെ സ്ഥലത്ത് എത്തിച്ച് പരിശോധന നടത്തി. വീടിനുള്ളില്‍ നിന്നും മണം പിടിച്ച നായ മീനച്ചിലാറിന്റെ കരയില്‍ വരെ എത്തി നിന്നു. ഇതേ തുടര്‍ന്നാണ് ഇയാള്‍ ആറ്റില്‍ ചാടിയെന്ന നിഗമനത്തില്‍ പൊലീസ് എത്തിയിരിക്കുന്നത്.

മെസിയുടെ കടുത്ത ആരാധകനായ ബിനുവിന്റെ മൊബൈല്‍ ഫോണിന്റെ കവറും, വാട്‌സ്അപ്പ് ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ചിത്രവും മെസി തന്നെയാണ്. ഇയാളുടെ ഫോണില്‍ പൊലീസ് ബന്ധപ്പെട്ടെങ്കിലും ഇപ്പോഴും സ്വിച്ച് ഓഫ് ആണ്.

DONT MISS
Top