പറളിയില്‍ ജനവാസമേഖലയില്‍ കാട്ടാന ഇറങ്ങി, സ്‌കൂളുകള്‍ക്ക് അവധി

പാലക്കാട്: പറളി മേഖലയില്‍ പരിഭ്രാന്തി പരത്തി കാട്ടാന കൂട്ടം. ഇന്നു പുലര്‍ച്ചയോടെയാണ് ജനവാസ മേഖലയില്‍ ഭീഷണി ഉയര്‍ത്തി കാട്ടാനകള്‍ എത്തിയത്. ഇതിനെ തുടര്‍ന്ന് പ്രദേശത്തെ സ്‌കൂളുകള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചു.

കഴിഞ്ഞ ദിവസം പാലക്കാട്, മുണ്ടൂര്‍ മേഖലയില്‍ ഇറങ്ങിയ കാട്ടാന കൂട്ടമാണ് ഇന്ന് രാവിലെയോടെ പറളിയിലേക്ക് നീങ്ങിയിരിക്കുന്നത്. രാവിലെ ജനവാസ പ്രദേശത്ത് എത്തിയ കാട്ടാനകള്‍ കല്‍പ്പാത്തി പുഴയുടെ തീരത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. സ്ഥിതി കണക്കിലെടുത്ത് പ്രദേശത്തെ സ്‌കൂളുകള്‍ക്കെല്ലാം ഇന്ന് അവധി നല്‍കിയിട്ടുണ്ട്.

പടക്കങ്ങളും മറ്റും ഉപയോഗിച്ച് കാട്ടാനകളെ തുരത്തുന്ന രീതിയാണ് സാധാരണയായി ഫോറസ്റ്റ് അധികൃതര്‍ സ്വീകരിക്കുന്നതെങ്കിലും ഇതെത്രത്തോളം പ്രയോഗികമാകുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ തമിഴ്‌നാട്ടില്‍ നിന്ന് പ്രത്യേക സംഘത്തെ എത്തിച്ച് കാട്ടാനകളെ തുരത്താനുള്ള ശ്രമവും അധികൃതര്‍ നടത്തുണ്ട്. വിദഗ്ദ്ധ സംഘത്തെ ലഭ്യമായില്ലെങ്കില്‍ സമീപ പ്രദേശങ്ങളില്‍ നിന്ന് പ്രത്യേക പരിശീലനം നേടിയ ആളുകളെ എത്തിക്കാനാണ് ഫോറസ്റ്റിന്റെ തീരുമാനം.

ഒരിടവേളയ്ക്ക് ശേഷമാണ് പാലക്കാട് വീണ്ടും കാട്ടാന ശല്യം രൂക്ഷമാകുന്നത്. ആനകളുടെ ആക്രമണത്തില്‍ പാലക്കാട് മുണ്ടൂര്‍ സ്വദേശിയായ കര്‍ഷകന്‍ കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്. പറളി മേഖലയിലെ റേഷന്‍ കട ഉള്‍പ്പെടെയുള്ളവയും ഇന്നലെ കാട്ടാന കൂട്ടം നശിപ്പിച്ചിരുന്നു.

DONT MISS
Top