മുന്‍പൊരിക്കലും കശ്മീരില്‍ ഇതുപോലെ ചോരപ്പുഴ ഒഴുകിയിട്ടില്ല, ഇത്രയധികം സൈനികര്‍ മരിച്ചിട്ടില്ല, ഭരണം കുട്ടിക്കളിയല്ലെന്ന് മോദി മനസിലാക്കണം: ശിവസേന

മുംബൈ: വീണ്ടും ബിജെപിക്കും കേന്ദ്രസര്‍ക്കാറിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന. മുഖപത്രമായ സാമ്‌നയിലൂടെയാണ് ശിവസേന വിമര്‍ശനമുയര്‍ത്തിയത്. കശ്മീരിലെ അത്യാഗ്രഹത്തിന് ബിജെപിക്ക് ചരിത്രം മാപ്പുനല്‍കില്ലെന്നും ഭരണം കുട്ടിക്കളിയല്ലെന്ന് മോദി മനസിലാക്കണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

“മുന്‍പൊരിക്കലും കശ്മീരിലെ സാഹചര്യം ഇത്രയും മോശമായിട്ടില്ല. ഇതുപോലെ ചോരപ്പുഴ ഇതിനുമുമ്പ് ഒഴുകിയിട്ടില്ല. ഇത്രയധികം സൈനികര്‍ മരിച്ചിട്ടില്ല. ഇതെല്ലാം സംഭവിച്ചത് ബിജെപി ഭരണത്തില്‍ കൈവച്ചതിന് ശേഷം. എന്നിട്ട് എല്ലാം മെഹബൂബാ മുഫ്തിയുടെ ചുമലില്‍ എല്ലാ ഉത്തരവാദിത്തവും വച്ചുകെട്ടുന്നു” ലേഖനത്തില്‍ പറയുന്നു.

കശ്മീരില്‍ സര്‍ക്കാര്‍ രൂപംകൊണ്ടതുതന്നെ ബിജെപിയുടെ അതിമോഹം കാരണമാണ്. അതിന് രാജ്യവും സൈന്യവും കശ്മീരിലെ ജനങ്ങളും വലിയ വിലനല്‍കേണ്ടിവന്നു. കശ്മീരിലെ തീവ്രവാദ ഭീഷണി ഇല്ലാതാക്കിയാണ് തങ്ങള്‍ അധികാരത്തില്‍ എത്തിയതെന്ന് ബിജെപി മറക്കരുതെന്നും ലേഖനത്തില്‍ കുറച്ചു.

“മുമ്പുണ്ടായിരുന്ന സര്‍ക്കാറാണ് ഭേദമെന്ന് കശ്മീര്‍ ജനത ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. ഇന്ന് സൈനിക പോസ്റ്റുകള്‍ ഭീകരര്‍ ആക്രമിക്കുമ്പോള്‍ സൈനികര്‍ നാട്ടുകാരെയാണ് ആക്രമിക്കുന്നത്. ഒട്ടേറെ നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടമാകുന്നു. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെ തമാശയില്‍ പൊതിഞ്ഞ വാക്കുകള്‍ കൊണ്ട് പ്രധാനമന്ത്രി അനുശോചനമറിയിക്കുന്നു” ലേഖനം കുറ്റപ്പെടുത്തി.

“നോട്ട് നിരോധനത്തിന് ശേഷം അതിര്‍ത്തിയിലെ ഭീകരവാദം ആയിരമിരട്ടി വര്‍ദ്ധിച്ചു. പാകിസ്താന്‍ പഴയിതിലുമേറെ ഇടപെടുന്നു. യുദ്ധമില്ലാതെ ഒട്ടേറെ സൈനികര്‍ കൊല്ലപ്പെട്ടു. ഇതൊന്നും നിയന്ത്രിക്കാന്‍ സാധിക്കാതായപ്പോള്‍ എല്ലാം പിഡിപിയുടെ ചുമലില്‍ വച്ചുകൊടുത്തു. ബ്രിട്ടീഷുകാര്‍ ഈ രാജ്യത്തോടും ഇതുതന്നെയല്ലേ ചെയ്തത്?”, മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.

DONT MISS
Top