വരാപ്പുഴ കസ്റ്റഡി കൊലപാതകം: എസ്പി എവി ജോര്‍ജിന്റെ അറിവില്ലാതെ ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കുമോയെന്ന് ഹൈക്കോടതി

എസ്പി എവി ജോര്‍ജ്

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ മുന്‍ റൂറല്‍ എസ്പി എവി ജോര്‍ജിനെതിരെ ഹൈക്കോടതി. എസ്പിയുടെ ആര്‍ടിഎഫ് രൂപീകരണം നിയമവുരുദ്ധമല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. എവി ജോര്‍ജിന് അനുകൂലമായി സര്‍ക്കാര്‍ നടപടി സ്വീകരിച്ചതിന് പിന്നാലെയായിരുന്നു ഹൈക്കോടതിയുടെ ചോദ്യങ്ങള്‍. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളിലെ വാദം കേള്‍ക്കുകയായിരുന്നു കോടതി. ഹര്‍ജികളില്‍ ചൊവ്വാഴ്ച വിധി പറയും.

എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ആര്‍ടിഎഫ് (റൂറല്‍ ടൈഗര്‍ ഫോഴ്‌സ്) ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതെന്ന് ഹൈക്കോടതി ചോദിച്ചു. ആരുടെയും നിര്‍ദേശം ഇല്ലാതെ സ്വന്തം ഇഷ്ടപ്രകാരം ആര്‍ടിഎഫ് പ്രവര്‍ത്തിക്കുമോ. റൂറല്‍ എസ്പിയുടെ നിയന്ത്രണത്തിലുള്ള ആര്‍ടിഎഫ് അദ്ദേഹത്തിന്റെ നിര്‍ദേശമില്ലാതെ ആരെയെങ്കിലും കസ്റ്റഡിയില്‍ എടുക്കുമോ ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കാന്‍ ഇത് വെള്ളരിക്കാപ്പട്ടണം ആണോയെന്നും കോടതി ആരാഞ്ഞു.

അതേസമയം, വരാപ്പുഴ കസ്റ്റഡി കൊലപാതകക്കേസില്‍ എസ്പി എവി ജോര്‍ജിനെ പ്രതി ചേര്‍ക്കാന്‍ തെളിവിന്റെ കണികപോലും ഇല്ലെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. നല്ല ഉദ്യേശത്തോടെയാണ് എസ്പി ആര്‍ടിഎഫിന് രൂപം നല്‍കിയത്. കേസില്‍ ആരെയും കസ്റ്റഡിയില്‍ എടുക്കാന്‍ എസ്പി നിര്‍ദേശം നല്‍കിയിട്ടില്ല. പൊലീസ് സംഘത്തെ അയയ്ക്കുക മാത്രമാണ് ചെയ്തത്. നിലവിലെ സാഹചര്യത്തില്‍ എസ്പിയെ കേസില്‍ പ്രതിചേര്‍ക്കാനാകില്ല. അദ്ദേഹത്തെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ല. ആര്‍ടിഎഫ് രൂപവത്കരണവുമായി ബന്ധപ്പെട്ട് എസ്പിക്കെതിരെ അച്ചടക്ക നടപടി തുടരുകയാണ്. സര്‍ക്കാരിന് വേണ്ടി ഹാജരായ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

കേസില്‍ പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു. സംഭവത്തില്‍ എസ്പിക്ക് പങ്കില്ലെന്ന് പറയാന്‍ കഴിയില്ലെന്നും കേസന്വേഷണത്തിന്റെ തുടക്കം മുതല്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്നും സിബിഐ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

DONT MISS
Top