കാര്‍ഷിക വായ്പാ തട്ടിപ്പ്: കുട്ടനാട് വികസനസമിതി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാദര്‍ തോമസ് പീലിയാനിക്കല്‍ ജയിലില്‍

ഫാ തോമസ് പീലിയാനിക്കല്‍

ആലപ്പുഴ: കുട്ടനാട് വികസന സമിതി  എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ തോമസ് പീലിയാനിക്കല്‍ ജയിലിലായി. ഇന്നലെ കുട്ടനാട് വികസന സമിതി ഓഫീസില്‍ നിന്നാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഫാ പീലിയാനിക്കലിനെ അറസ്റ്റ് ചെയ്തത്. ഇന്ന് രാമന്‍കരി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഫാദര്‍ പീലിയാനിക്കലിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.

കുട്ടനാട് വികസസമിതിയുമായി ബന്ധപ്പെട്ട് നിരവധി സാമ്പത്തിക്ക് തട്ടിപ്പ് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തട്ടിപ്പിന് ഇരയായവര്‍ നല്‍കിയ വിവിധ കേസുകളാണുള്ളത്. ഇതില്‍ ഒരു കേസില്‍ ചങ്ങനാശേരി അതിരൂപതയിലെ മുതിര്‍ന്ന വൈദികനായ തോമസ് പീലിയാനിക്കല്‍ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. എന്നാല്‍ മറ്റ് നാലുകേസുകളിലാണ് അദ്ദേഹത്തെ ഇന്നലെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.

കുട്ടനാട്ടിലെ നിരവധി ആളുകളുടെ പേരില്‍ ഗ്രൂപ്പുകളുണ്ടാക്കി വ്യാജരേഖ ചമച്ച് ആലപ്പുഴയിലെ വിവിധ ബാങ്കുകളില്‍ നിന്ന് പ്രതികള്‍ കാര്‍ഷിക വായ്പ തട്ടിയെടുത്തതെന്നാണ് കേസ്. വിശ്വാസ വഞ്ചനക്കും വ്യാജരേഖ ചമച്ച് വായ്പ തട്ടിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കേസില്‍ തോമസ് പീലിയാനിക്കലിനെ കൂടാതെ കാവാലം സ്വദേശിയും വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എന്‍സിപി നേതാവ് റോജോ ജോസഫ്, കുട്ടനാട് വികസന സമിതി ഓഫീസ് ജീവനക്കാരി ത്രേസ്യാമ്മ എന്നിവരും പ്രതികളാണ്.

വികസന സമിതി ഓഫീസ് അടച്ച് പൂട്ടിയതോടെ പണം കിട്ടാനുള്ളവര്‍ എല്ലാ ദിവസവും ഓഫീസിലെത്തി മടങ്ങിപ്പോവുകയായിരുന്നു. വായ്പക്ക് ശുപാര്‍ശ ചെയ്ത് പണം തട്ടിയത് കൂടാതെ വായ്പ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞും നിരവധി പേരില്‍ നിന്ന് പണം വാങ്ങിയിട്ടുെണ്ടന്നും പരാതിയുണ്ട്.

ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിജയകുമാരന്‍ നായരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. കേസെടുത്തത് മുതല്‍ ഒളിവിലായ റോജോ ജോസഫിനെതിരെ വീണ്ടും പരാതി ഉയര്‍ന്നിട്ടുണ്ട്. കാവാലം വടക്കുംഭാഗം മുറിയില്‍ പള്ളിത്താനം പതിനഞ്ചില്‍ വീട്ടില്‍ പിജെ മേജോ ആണ് കൈനടി പൊലീസില്‍ പരാതി നല്‍കിയത്.

വ്യാജരേഖ ചമച്ച് തന്റെ പേരില്‍ വായ്പ എടുത്തെന്നാണ് പരാതി. 2014ല്‍ എടത്വ കനറാ ബാങ്കില്‍നിന്ന് മേജോ വായ്പയെടുത്തെന്നും പലിശ സഹിതം 4.50 ലക്ഷം തിരിച്ചടക്കണമെന്നും കാട്ടി ജപ്തി നോട്ടീസ് വന്നതോടെയാണ് തട്ടിപ്പ് വിവരം അറിയുന്നത്. തുടര്‍ന്നാണ് പരാതി നല്‍കിയത്. ഫാ. തോമസ് പീലിയാനിക്കല്‍ കഴിഞ്ഞ മൂന്ന് മാസമായി ഒളിവിലായിരുന്നു.

DONT MISS
Top