മഴക്കെടുതികള്‍ തുടരുന്ന കോഴിക്കോട് ജില്ലയില്‍ മഞ്ഞപ്പിത്തവും വ്യാപകമാവുന്നു

കോഴിക്കോട്: മഴക്കെടുതികള്‍ തുടരുന്ന കോഴിക്കോട് ജില്ലയില്‍ മഞ്ഞപ്പിത്തവും വ്യാപകമാവുന്നു. 101 കേസ്സുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. അത്തോളി തലക്കുളത്തൂര്‍ പഞ്ചായത്തിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ നാട്ടുകാര്‍ ആശങ്കയിലാണ്. ആരോഗ്യവകുപ്പ് പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.

ഈ പ്രദേശത്തെ ഒരു വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് പാനീയം കഴിച്ചവര്‍ക്കാണ് രോഗം വന്നതെന്നാണ് സംശയിക്കുന്നത്. ഇതോടെ നാട്ടുകാര്‍ ആശങ്കയിലാണ്. മഞ്ഞപ്പിത്തബാധയുടെ പശ്ചാത്തലത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. തലക്കുളത്തൂരില്‍ പഞ്ചായത്ത് തല യോഗം ചേര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ഉള്‍പെടുത്തി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.

ഇവര്‍ 10 സ്‌ക്വാഡുകളായി 225 വീടുകള്‍ സന്ദര്‍ശിച്ചു. 155 കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു. 500ലധികം ലഘുലേഖകള്‍ വിതരണം ചെയ്തു. കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി. ഇതിന് പുറമെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജനകീയ സ്‌ക്വാഡുകള്‍ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

തിളപ്പിച്ചാറിയ ഭക്ഷണപാനീയങ്ങളെ കഴിക്കാവു എന്നും,ഭക്ഷണപദാര്‍ത്ഥങ്ങള്‍ മൂടി വച്ച് സൂക്ഷിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഞ്ഞപിത്ത ബാധയുള്ളവര്‍ ഭക്ഷണം തയ്യാറാക്കാനോ വിളമ്പാനോ പാടില്ലെന്നും ആരോഗ്യ വിദഗ്ദര്‍ പറയുന്നു. ആരോഗ്യവിഭാഗം ടാസ്‌ക്‌ഫോഴ്‌സ് ജില്ലയില്‍ പ്രത്യേക യോഗം ചേരുന്നുണ്ട്.

DONT MISS
Top