കൊളംബിയയെ അട്ടിമറിച്ച് ജപ്പാന്‍, ഏഷ്യയ്ക്ക് അഭിമാനനേട്ടം

സരാന്‍സ്‌ക്: നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ പ്രീക്വാര്‍ട്ടറിലെത്തുന്ന ആദ്യരാജ്യമായി റഷ്യ മാറി. ഗ്രൂപ്പ് എയിലെ തങ്ങളുടെ രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കിയാണ് റഷ്യ മുന്നോട്ട് കുതിച്ചിരിക്കുന്നത്. ഈജിപ്തിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റഷ്യ തകര്‍ത്തത്. ഇന്നലെ നടന്ന മറ്റ് മത്സരങ്ങളില്‍ ഗ്രൂപ്പ് എച്ചില്‍ ജപ്പാന്‍ കൊളംബിയയെയും സെനഗല്‍ പോളണ്ടിനെയും അട്ടിമറിച്ചു.

ഏഷ്യയ്ക്ക് അഭിമാനവും പ്രതീക്ഷയും നല്‍കിയാണ് ജപ്പാന്‍ തങ്ങളുടെ ആദ്യ മത്സരം പൂര്‍ത്തിയാക്കിയത്. ലാറ്റനമേരിക്കന്‍ ശക്തിയുമായെത്തിയ കൊളംബിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജപ്പാന്‍ മറികടന്നത്. മത്സരത്തിലുടനീളം വ്യക്തമായ മേധാവിത്വം നിലനിര്‍ത്തിയായിരുന്നു ജപ്പാന്റെ വിജയം. ലാറ്റിനമേരിക്കയെന്ന ഗര്‍വിനെ വകവയ്ക്കാതെ കളംനിറഞ്ഞ് കളിച്ച ജപ്പാന്‍ അര്‍ഹിക്കുന്ന മത്സരഫലമാണ് സ്വന്തമാക്കിയത്. ഒരു ലാറ്റിനമേരിക്കന്‍ രാജ്യത്തെ ലോകകപ്പില്‍ തോല്‍പ്പിക്കുന്ന ആദ്യ ഏഷ്യന്‍ ടീമെന്ന ബഹുമതിയും ജപ്പാന്‍ സ്വന്തമാക്കി.


മത്സരത്തിന്റെ നാലാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ ജപ്പാന്‍ ആധിപത്യം നേടി. ഒരു ഗോളിന് മുന്നിലെത്തിയത് മാത്രമായിരുന്നില്ല ആ ആധിപത്യം മറിച്ച് കൊളംബിയയുടെ കാര്‍ലോസ് സാഞ്ചസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്താവുകയും ചെയ്തു. ഇതോടെ പത്തുപേരായി കൊളംബിയ ചുരുങ്ങി. പോസ്റ്റിലേക്ക് വന്ന ഷിന്‍ജി കൊഗാവയുടെ ഷോട്ട് കൈകൊണ്ട് തടുത്തതാണ് ചുവപ്പുകാര്‍ഡിനും പെനാല്‍റ്റിക്കും കാരണമായത്. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് കഗാവ ജപ്പാനെ മുന്നിലെത്തിച്ചു.


തുടര്‍ന്നും ജപ്പാന്റെ മുന്നേറ്റമായിരുന്നു കണ്ടത്. എന്നാല്‍ 39-ാം മിനിട്ടില്‍ ഫ്രീ കിക്കിലൂടെ ജുവാന്‍ ക്വിന്റെറോ കൊളംബിയയ്ക്ക് സമനില നല്‍കി. ജപ്പാന്‍ പ്രതിരോധത്തെ കബളിപ്പിച്ച് ഗ്രൗണ്ടിലൂടെ നിരക്കിവിട്ട പന്ത് ജപ്പാന്‍ ഗോളിക്ക് തടുക്കാനായില്ല. ഗോള്‍വര കടന്നതിന് ശേഷമാണ് ഇജി കവാഷിമ കൈപ്പിടിയിലൊതുക്കിയത്. സമനിലയിലേക്ക് നീങ്ങുകയാണെന്ന് തോന്നിച്ച ഘട്ടത്തില്‍ യുയു ഒസാക്കയാണ് ജപ്പാന്റെ വിജയഗോള്‍ നേടിയത്. 73-ാം മിനിട്ടില്‍ കോര്‍ണര്‍കിക്കില്‍ നിന്നായിരുന്നു ഗോള്‍. ഉയര്‍ന്നുവന്ന പന്ത് ഒസാക്ക മനോഹരമായി ഹെഡ് ചെയ്ത് വലയിലിട്ടു.


ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ റെഡ് കാര്‍ഡാണ് കാര്‍ലോസ് സാഞ്ചസിന്റെ പേരില്‍ കുറിക്കപ്പെട്ടത്. മത്സരത്തിന്റെ മൂന്നാം മിനിട്ടിലായിരുന്നു സാഞ്ചസ് റെഡ് കാര്‍ഡ് കണ്ട് പുറത്തുപോയത്. ഇക്കാര്യത്തിലെ റെക്കോര്‍ഡ് ഉറുഗ്വെ മുന്‍പ്രതിരോധതാരം ഹോസെ ബാറ്റിസ്റ്റയുടെ പേരിലാണ്. 1986 ലോകകപ്പില്‍ സ്‌കോട്ടലന്റിനെതിരായ മത്സരത്തില്‍ ആദ്യ മിനിട്ടില്‍ത്തന്നെ ബാറ്റിസ്റ്റയ്ക്ക് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോകേണ്ടി വന്നു.

DONT MISS
Top