അബ്രഹാമിന്റെ സന്തതികള്‍ ചരിത്ര വിജയത്തിലേക്ക്, ആഘോഷത്തില്‍ പങ്കുചേര്‍ന്ന് മമ്മൂട്ടി

ഒരാഴ്ച മുന്‍പ് വരെ കേരളത്തെ വിറപ്പിച്ച നിപ്പ നില നിന്നിടത്ത് ഒരാഴ്ച്ചക്ക് ശേഷം തിയേറ്ററുകള്‍ ജന സാഗരമാവുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കളക്ഷനില്‍ തിരിച്ചടിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന പേടിയെ തുടര്‍ന്ന് പല സിനിമകളും മാറ്റിയപ്പോള്‍ നിപ്പയേയും ഫുട്‌ബോളിനെയും മഴയേയും വക വയ്ക്കാതെയെത്തിയ മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍ ചരിത്ര വിജയമാവുന്നു. പെരുന്നാളിന് പിറ്റേന്ന് ശനിയാഴ്ച തിയേറ്ററില്‍ എത്തിയ ചിത്രം ശനി, ഞായര്‍ ദിവസങ്ങള്‍ക്ക് ശേഷവും കുതിപ്പ് തുടരുകയാണ് . സാധാരണ സിനിമകള്‍ക്ക് തിരക്ക് കുറയുന്ന തിങ്കളാഴ്ച്ചയും വന്‍ ജനപിന്തുണയാണ് ചിത്രത്തിന് ലഭിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമാവുന്ന ചിത്രം മമ്മൂട്ടിയുടെ കരിയര്‍ ബെസ്റ്റാവാന്‍ സാധ്യതയുണ്ട്.

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഷാജി പടൂര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികള്‍’. 22 വര്‍ഷങ്ങളോളം ചീഫ് അസ്സോസിയേറ്റ് ഡയറക്ടറായി വര്‍ക്ക് ചെയ്ത് പരിചയസമ്പത്തുള്ള സംവിധായകന്‍ കൂടിയാണ് ഷാജി പടൂര്‍. ഗ്രേറ്റ് ഫാദര്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ സംവിധായകന്‍ ഹനീഫ് അഡേനിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിയിരിക്കുന്നത്.

പോസ്റ്ററുകളും ട്രെയിലറും ചിത്രത്തിന്റെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഹൈപ്പിനോട് നൂറ് ശതമാനം നീതി പുലര്‍ത്തുന്ന ചിത്രം കൂടിയായിരുന്നു ‘അബ്രഹാമിന്റെ സന്തതികള്‍’. ഡെറിക് അബ്രഹാം എന്ന സ്‌റ്റൈലിഷ് പൊലീസ് ഓഫീസറായി മമ്മൂട്ടി നിറഞ്ഞാടി. ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

മികച്ച പ്രതികരണം നേടി എങ്ങും നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദര്‍ശനം തുടര്‍ന്ന് കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം പുറത്തിറങ്ങിയ മലയാള സിനിമകളില്‍ ആദ്യദിന കളക്ഷനില്‍ മുന്നിട്ട് നില്‍ക്കുന്നത് ‘അബ്രഹാമിന്റെ സന്തികളാണ്’. പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദിയെയാണ് മമ്മൂട്ടി ചിത്രം മറികടന്നിരിക്കുന്നത്. ചിത്രത്തിന്റെ വിജയാഘോഷം ഇന്നലെ പനമ്പിള്ളി നഗര്‍ അവന്യു സെന്ററില്‍ വച്ച് നടന്നിരുന്നു, അണിയറ പ്രവര്‍ത്തകരോടൊപ്പം മമ്മൂട്ടിയും ആഘോഷത്തില്‍ പങ്കെടുത്തു. കനിഹ, സിദ്ദിഖ്, സുരേഷ് കൃഷ്ണ, ഷാജി പടൂര്‍, ഹനീഫ് അഡേനി തുടങ്ങിയവരും സിനിമയില്‍ അഭിനയിച്ചവരും സാങ്കേതിക പ്രവര്‍ത്തകരും ഉള്‍പ്പെടെ എല്ലാവരും വിജയാഘോഷത്തില്‍ പങ്കെടുത്തു.

DONT MISS
Top