“ഇങ്ങനെയെങ്കില്‍ സാംപോളി അര്‍ജന്റീനയിലേക്ക് മടങ്ങേണ്ടതില്ല”, മോശം പ്രകടനത്തില്‍ പരിശീലകനെ വിമര്‍ശിച്ച് മറഡോണ

ഡീഗോ മറഡോണ

ഏവരും ഏറ്റവും പ്രതീക്ഷിച്ചിരിക്കുകയും നിരാശരാവുകയും ചെയ്ത കളിയാണ് അര്‍ജന്റീന-ഐസ്‌ലന്‍ഡ് ലോകകപ്പ് മത്സരം. അര്‍ജന്റീന ഒരു ഗോള്‍ വഴങ്ങുകയും ഒരെണ്ണം അടിക്കുകയും ചെയ്തു. മെസ്സിയാണെങ്കില്‍ പെനാല്‍റ്റി നഷ്ടമാക്കുകയും ചെയ്തു.

ഇതിനേക്കാള്‍ വലിയ നിരാശയിലാണ് അര്‍ജന്റീനയും അവിടെയുള്ള അവരുടെ ആരാധകരും. ഇതിന്റെ പ്രതിഫലമെന്നോണം മുന്‍ ക്യാപ്റ്റനുംകൂടിയായ മറഡോണ ഒരു വെടിപൊട്ടിച്ചിരിക്കുകയാണ്. അര്‍ജന്റീനയുടെ പരിശീലകനോടാണ് അദ്ദേഹത്തിന്റെ കോപം. മുന്‍ കോച്ചുകൂടിയായ മറഡോണ പ്രഖ്യാപിച്ചത് ടീം ഇത്തരത്തിലുള്ള കളിയാണെങ്കില്‍ തിരികെ വരേണ്ടതില്ല എന്നതാണ്.

“ഇതുപോലെതന്നെയാണ് അടുത്ത കളികളിലും ചെയ്യാന്‍ പോകുന്നതെങ്കില്‍ തിരികെ അര്‍ജന്റീനയിലേക്ക് വരേണ്ടതില്ല. നല്ലത് എന്ന് പറയാവുന്ന ഒരു ചെറുനീക്കം പോലുമുണ്ടായില്ല. ഐസ്‌ലന്‍ഡ് താരങ്ങളെല്ലാം ആറടിയിലേറെ പൊക്കമുള്ളവരാണ്. കോര്‍ണറുകളെല്ലാം ഹെഡ്ഡറിലൂടെ ഗോളാക്കാന്‍ അവര്‍ ശ്രമിച്ചു. എന്നാല്‍ അര്‍ജന്റീനയുടെ ഭാഗത്തുനിന്ന് അത്തരമൊരു നീക്കവും ഉണ്ടായില്ല”, മറഡോണ പറഞ്ഞു.

പരിശീലകന്റെ തന്ത്രങ്ങളാണ് കളിയെ പരാജയപ്പെടുത്തിയത്. കളിക്കാരെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. വേണ്ടത്ര തയാറെടുപ്പുകള്‍ നടത്താത്തതിന്റെ പ്രശ്‌നമാണ് കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രൊയേഷ്യയോടും നൈജീരിയയോടുമാണ് അര്‍ജന്റീനയ്ക്ക് ഇനി ഏറ്റുമുട്ടാനുള്ളത്. ഇരുടീമുകളും അര്‍ജന്റീനയോട് വിജയിക്കാന്‍ കരുത്തുള്ളവരുമാണ്. അതുകൊണ്ടുതന്നെ ലോകമെമ്പാടുമുള്ള ആരാധകരെ കണക്കിലെടുത്തള്ള കളി ടീം കാഴ്ച്ചവയ്ക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

DONT MISS
Top