മഞ്ഞക്കിളികള്‍ക്ക് പറന്നുയരാനായില്ല, കൂടെപ്പിടിച്ച് സ്വിസ് നിര


റോസ്തോവ്: 2014 ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ സെമിയില്‍ നാണം കെട്ടതിന്റെ ക്ഷീണം റഷ്യന്‍ ലോകകപ്പില്‍ വിജയത്തിലൂടെ തുടങ്ങി തീര്‍ക്കാമെന്ന ബ്രസീലിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി. ഇന്നലെ നടന്ന ഗ്രൂപ്പ് ഇയിലെ രണ്ടാമത്തെ മത്സരത്തില്‍ അഞ്ച് വട്ടം ചാമ്പ്യന്‍മാരായ ബ്രസീലിനെ സ്വിസ് പട സമനിലയില്‍ തളച്ചു. ഓരോ ഗോള്‍ വീതം അടിച്ചാണ് ഇരുടീമുകളും സമനിലയില്‍ പിരിഞ്ഞത്. ബ്രസീലിനായി ഇരുപതാം മിനിട്ടില്‍ ഫിലിപ് കുട്ടീന്യോ സ്‌കോര്‍ ചെയ്തപ്പോള്‍ അമ്പതാം മിനിട്ടില്‍ സ്റ്റീവന്‍ സ്യൂബറിലൂടെ സ്വിറ്റ്‌സര്‍ലന്റ് സമനില നേടി.


സ്വിസ് വലയില്‍ ഗോള്‍ നിറയ്ക്കാനുറച്ച് ഇറങ്ങിയ കാനറികള്‍ക്ക് തങ്ങളുടെ പെരുമയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാനായില്ല. സ്വിസ് പ്രതിരോധത്തില്‍ തട്ടി നെയ്മറുടെയും സംഘത്തിന്റെയും മുന്നേറ്റങ്ങള്‍ വിഫലമാവുകയായിരുന്നു. തുടക്കത്തില്‍ നടത്തിയ മുന്നേറ്റങ്ങള്‍ ഇരുപതാം മിനിട്ടില്‍ ബ്രസീലിനെ മുന്നിലെത്തിച്ചു. പന്തുമായി ബോക്‌സിലേക്ക് നീങ്ങിയ നെയ്മര്‍ അത് മാഴ്‌സലോക്ക് നല്‍കി. മാഴ്‌സലോയുടെ പാസ് സ്വിസ് താരം ബോക്‌സിന് പുറത്തേക്ക് ക്ലിയര്‍ ചെയ്തപ്പോള്‍ പന്ത് ചെന്നുവീണത് കുട്ടീന്യോയുടെ കാലുകളില്‍. ആരും പ്രതീക്ഷിക്കാത്ത നിമിഷം വലംകാലന്‍ അടിയിലൂടെ കുട്ടീന്യോ പന്ത് സ്വിസ് വലയിലെത്തിച്ചു.

ഒരു ഗോള്‍ ലീഡുമായി ആദ്യപകുതി അവസാനിപ്പിച്ച ബ്രസീല്‍ ആത്മവിശ്വാസത്തോടെയാണ് രണ്ടാം പകുതിയില്‍ ഇറങ്ങിയത്. എന്നാല്‍ കളി തുടങ്ങി അഞ്ചാം മിനിട്ടില്‍ ഗോള്‍ തിരിച്ചടിച്ച് സ്വിറ്റ്‌സര്‍ലന്റ് മഞ്ഞക്കിളികളെ ഞെട്ടിച്ചു. കോര്‍ണര്‍കിക്കില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്. കോര്‍ണര്‍ കിക്ക് നേര വന്നത് പോസ്റ്റിന് മുന്നില്‍ നിന്നിരുന്ന സ്യൂബറുടെ തലയിലേക്ക്. ഒന്നുയര്‍ന്ന് സ്യൂബര്‍ തലകൊണ്ട് പന്ത് പോസ്റ്റിലേക്ക് ചെത്തിയിട്ടു. ഒപ്പത്തിനൊപ്പം. പിന്നീട് ഇരുടീമുകളും ലീഡുയര്‍ത്താന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല.

അതേസമയം, ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ കോസ്‌റ്റോറിക്കയ്‌ക്കെതിരെ സെര്‍ബിയ ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയം സ്വന്തമാക്കി. ഇതോടെ ഗ്രൂപ്പില്‍ മൂന്ന് പോയിന്റുമായി സെര്‍ബിയ ഒന്നാമതെത്തി. ബ്രസീലും സ്വിറ്റ്‌സര്‍ലന്റും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

DONT MISS
Top