മഞ്ഞപ്പിത്ത ലക്ഷണമുള്ളവര്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം: ഡിഎംഒ

കോഴിക്കോട്: തലക്കുളത്തൂര്‍ പഞ്ചായത്തിലെ 10-ാം വാര്‍ഡില്‍ 12/5/18 ന് നടന്ന ഒരു ഗുഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തവരില്‍ ആര്‍ക്കെങ്കിലും മഞ്ഞപ്പിത്തരോഗ ലക്ഷണങ്ങള്‍ കാണപ്പെടുകയാണെങ്കില്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍(ആരോഗ്യം) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍(ഫോണ്‍ നമ്പര്‍ 04952376063) അറിയിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ ജയശ്രീ വി അറിയിച്ചു.

പ്രസ്തുത ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണപാനീയങ്ങള്‍ കഴിച്ചവര്‍ക്ക് കണ്ണിനും, മൂത്രത്തിനും മഞ്ഞനിറം, പനി, വിശപ്പില്ലായ്മ, ഛര്‍ദ്ദില്‍, എന്നീ ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതും, ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തി പരിശോധനയ്ക്ക് വിധേയരാകേണ്ടതുമാണ്. ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും രോഗം വരണമെന്നില്ല. സാധാരണ ഈ അസുഖത്തിന്റെ രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ 10 മുതല്‍ 50 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതാണ്. രോഗലക്ഷണം എത്രയും നേരത്തേ കണ്ടെത്തുകയാണ് പ്രധാനം.

പരിഭ്രമത്തിന്റെ ആവശ്യമില്ല. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നും കൊഴുപ്പു കുറഞ്ഞ, പോഷകസമൃദ്ധമായ ഭക്ഷണവും നിര്‍ദ്ദേശിക്കപ്പെടുന്ന കാലം വരെ കഴിച്ചാല്‍ രോഗം ഗുരുതരമാകാതിരിക്കാനും ഭേദമാകാനും സഹായിക്കുമെന്നും ഇക്കാര്യം രോഗികളും അവരെ പരിചരിക്കുന്നവരും ശ്രദ്ധിക്കണമെന്നും ഡിഎംഒ അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രോഗം ബാധിച്ചവര്‍ വ്യക്തി ശുചിത്വം കര്‍ശനമായി പാലിക്കേണ്ടതും, കുടുംബാംഗങ്ങള്‍ക്ക്  അസുഖം പകരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതും, അടുത്തിടപെഴുകുന്നത് ഒഴിവാക്കേണ്ടതുമാണ്.

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. തണുത്തതും പഴകിയതുമായ ഭക്ഷണം ഒഴിവാക്കുക.

ഭക്ഷണം കഴിക്കാനുപയോഗിക്കുന്ന പ്ലേറ്റുകളും ഗ്ലാസ്സുകളും തിളച്ച വെള്ളത്തില്‍ കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക.

മലമൂത്ര വിസര്‍ജ്ജനത്തിനു ശേഷവും ആഹാരം കഴിക്കുന്നതിനു മുമ്പും കൈകള്‍ നല്ലവണ്ണം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.

മലമൂത്ര വിസര്‍ജ്ജനം കക്കൂസുകളില്‍ മാത്രം നടത്തുക.

ശീതളപാനീയങ്ങള്‍, സംഭാരം തുടങ്ങിയവ ശുദ്ധജലത്തില്‍ മാത്രം തയ്യാറാക്കുക.

കിണര്‍ വെള്ളവും, കുടി വെള്ള സ്രോതസ്സുകളും ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക.

രോഗിക്ക് പൂര്‍ണ്ണ വിശ്രമത്തിന് പുറമേ കൊഴുപ്പു കുറഞ്ഞ ഭക്ഷണവും കുടിക്കാന്‍ ധാരാളം ശുദ്ധജലവും നല്‍കുക.

DONT MISS
Top