പന്തില്‍ കൃത്രിമം; ശ്രീലങ്കയുടെ ദിനേശ് ചണ്ടിമലിനെതിരെ കുറ്റം ചുമത്തി

കൊളംബോ: വെസ്റ്റ് ഇന്‍ഡിസിനെതിരായ ടെസ്റ്റ് മത്സരത്തിനിടെ പന്തില്‍ കൃത്രിമം കാട്ടിയ ശ്രീലങ്കന്‍ നായകന്‍ ദിനേശ് ചണ്ടിമലിനെതിരെ ഐസിസി കുറ്റം ചുമത്തി. ഐസിസിയുടെ പെരുമാറ്റ ചട്ടത്തിലെ 2.2.9 ലെവല്‍ കുറ്റമാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

സെന്റ് ലൂയിസില്‍ നടന്ന ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനമായിരുന്നു സംഭവം. പന്തില്‍ കൃത്രിമം കാട്ടിയതായി സംശയം തോന്നിയ അമ്പയര്‍മാര്‍ വെസ്റ്റ് ഇന്‍ഡീസിന് അഞ്ച് റണ്‍സ് പെനാല്‍റ്റി അനുവദിക്കുകയും പന്ത് മാറ്റുകയും ചെയ്തിരുന്നു.

അതേസമയം ടീമിലെ ആരും പന്തില്‍ കൃത്രിമം കാട്ടിയിട്ടില്ലെന്ന് ശ്രീലങ്കന്‍ ടീം വാദിച്ചു. ശ്രീലങ്കന്‍ കളിക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ട് മണിക്കൂറുകളോളം ഇന്നലെ കളി തടസ്സപ്പെട്ടിരുന്നു. കളത്തിലിറങ്ങാന്‍ വിസമ്മതിച്ച താരങ്ങള്‍ പിന്നീട് മാച്ച് റഫറിയുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മത്സരം പുനരാരംഭിച്ചത്.

പന്ത് മിനുസപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് ചണ്ടിമലിനെതിരായ ആരോപണം. ഐസിസിയുടെ വിശദമായ അന്വേഷണത്തിന് ശേഷമാകും താരത്തിനുള്ള ശിക്ഷാ നടപടി തീരുമാനിക്കുക. കുറ്റം തെളിയുകയാണെങ്കില്‍ കടുത്ത നടപടികളാകും ചണ്ടിമലിന് നേരിടേണ്ടി വരിക.

DONT MISS
Top