‘കെജ്‌രിവാള്‍ ഒരു നക്‌സലൈറ്റാണ്’; എന്തിനാണ് മറ്റ് മുഖ്യമന്ത്രിമാര്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നതെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

അരവിന്ദ് കെജ്‌രിവാള്‍, സുബ്രഹ്മണ്യന്‍ സ്വാമി

ദില്ലി: ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ നിരാഹാര സമരം നടത്തുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. കെജ്‌രിവാള്‍ നക്‌സലൈറ്റാണെന്നും അദ്ദേഹത്തെ മറ്റ് മുഖ്യമന്ത്രിമാര്‍ എന്തിനാണ് പിന്തണയ്ക്കുന്നതെന്നും സ്വാമി ചോദിച്ചു.

ദില്ലി മുഖ്യമന്ത്രി ഒരു നക്‌സലൈറ്റാണ്. അവര്‍ (മമതാ ബാനര്‍ജി, എച്ച് ഡി കുമാരസ്വാമി, പിണറായി വിജയന്‍, ചന്ദ്രബാബു നായിഡു) എന്തിനാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നത്, സുബ്രഹ്മണ്യന്‍ സ്വാമി ചോദിച്ചു. നേരത്തെ ലെഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ നിരാഹാര സമരം നടത്തുന്ന കെജരിവാളിന് പിന്തുണയുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി എന്നിവര്‍ ദില്ലിയില്‍ എത്തിയിരുന്നു.

ഐഎഎസ് ഉദ്യോഗസ്ഥര്‍ തുടരുന്ന നിസ്സഹരകണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും സഹമന്ത്രിമാരും കുത്തിയിരുപ്പ് സമരം നടത്തുന്നത്. എന്നാല്‍ കെജരിവാളിനെയും ഒപ്പം മൂന്ന് മന്ത്രിമാരെയും സന്ദര്‍ശിക്കാന്‍ ഗവര്‍ണറുടെ ഓഫീസ് മുഖ്യമന്ത്രിമാര്‍ക്ക് അനുമതി നല്‍കിയില്ല. ഇതേതുടര്‍ന്ന് നാലു മന്ത്രിമാരും കെജ്‌രിവാളിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. കെജരിവാളിന്റെ ഭാര്യ സുനിത  മുഖ്യമന്ത്രിമാരെ വിവരങ്ങള്‍ ധരിപ്പിച്ചു.

അതേസമയം കെജ്‌രിവാള്‍ സമരം തുടരുന്ന സാഹചര്യത്തില്‍ പ്രശ്നം പരിഹരിക്കാന്‍ ഇടപെടണമെന്ന ആവശ്യവുമായി പിണറായി വിജയന്‍ ഉള്‍പ്പെടെ നാലുമുഖ്യമന്ത്രിമാരും ഇന്ന് പ്രധാനമന്ത്രിയെ കണ്ടു. ദില്ലിയില്‍ നീതി ആയോഗ് യോഗത്തിനെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. സമരം ഇന്ന് ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പിന്തുണയുമായി മുഖ്യമന്ത്രിമാര്‍ രംഗത്തെത്തിയത്.

DONT MISS
Top