പൊലീസ് സേനയിലെ അടിമപ്പണി: ഡിജിപിയുടെ ഇടപെടല്‍, ക്യാംപ് ഫോളോവര്‍മാരുടെ കണക്കെടുക്കുന്നു

തിരുവനന്തപുരം: ക്യാമ്പ് ഫോളോവര്‍മാരെ പൊലീസ് മേധാവികള്‍ അടിമപ്പണി ചെയ്യിക്കുന്ന സംഭവത്തില്‍ ഡിജിപിയുടെ ഇടപെടല്‍. സംസ്ഥാനത്തെ ക്യാംപ് ഫോളോവര്‍മാരുടെ ഡ്യൂട്ടി ക്രമം അറിയിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് മുന്‍പ് വിവരങ്ങള്‍ നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. മന്ത്രിമാര്‍ക്ക് ഉള്‍പ്പെടെ സുരക്ഷാ ചുമതലയ്ക്ക് നിയോഗിച്ചിട്ടുള്ള പൊലീസുകാരുടെ വിവരങ്ങളും ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ക്യാമ്പ് ഫോളോവര്‍മാരുടെ കണക്കെടുപ്പ് ആരംഭിച്ചു.

തിരുവനന്തപുരത്ത് മാത്രം 53 പേരാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം ഉള്ളതെന്നാണ് റിപ്പോര്‍ട്ട്. വിരമിച്ച ഉദ്യോഗസ്ഥര്‍ക്കൊപ്പം 18 പേര്‍ ജോലിചെയ്യുന്നുണ്ട്. മുന്‍ ഐജി ലക്ഷ്മണയ്‌ക്കൊപ്പം ഇപ്പൊഴും നാലുപേര്‍ ജോലി ചെയ്യുന്നു. പേഴ്‌സണല്‍ സെക്യൂരിറ്റി എന്ന പേരില്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം 16 പേരാണുള്ളത്.

ശനിയാഴ്ച രാത്രിയിലാണ് അടിയന്തര ഉത്തരവ് ഡിജിപി ഇറക്കിയത്. എഡിജിപി, ഐജി, ജില്ലാ പൊലീസ് മേധാവി, കമ്മീഷണര്‍ തുടങ്ങിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോടാണ് ക്യാമ്പ് ഫോളോവര്‍മാരുടെ പട്ടിക ഡിജിപി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, അടിമപ്പണി വിവാദത്തെ തുടര്‍ന്ന് പൊലീസ് ഓഫീസര്‍മാര്‍ ക്യാംപ് ഫോളോവര്‍മാരെ മടക്കി അയച്ചുതുടങ്ങി. ആകെയുള്ള 40 പേരില്‍ 10 പേരെയാണ് ക്യാമ്പുകളിലേക്ക് മടക്കിയിരിക്കുന്നത്. കണക്കെടുപ്പ് നടന്നാല്‍ പ്രശ്‌നമാകുമെന്ന് കണ്ടാണ് ക്യാമ്പ് ഫോളവര്‍മാരെ മടക്കി അയയ്ക്കുന്നത്.

ക്യാമ്പ് ഫോളോവര്‍മാരെ അടിമപ്പണി ചെയ്യിക്കുന്നതിനെതിരെ 2006 ലും 2015 ലും ഇറക്കിയ ഉത്തരവുകള്‍ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ അട്ടമറിച്ചതാണെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ക്യാമ്പ് ഫോളോവര്‍മാരെ വീട്ടുപണി ചെയ്യിക്കുന്നെന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ അവരെ പിന്‍വലിക്കണമെന്നാണ് 2006 ല്‍ ഡിജിപി ആയിരുന്ന രമണ്‍ ശ്രീ വാസ്തവ ഉത്തരവിട്ടത്. ഇത് നടപ്പിലാക്കുന്നില്ല എന്ന് ബോധ്യമായതിനെ തുടര്‍ന്ന് 2015 ല്‍ ഡിജിപി ടിപി സെന്‍കുമാര്‍ കര്‍ശന നിര്‍ദേശങ്ങളോടെ ഉത്തരവിറക്കി.

ക്യാമ്പ് ഫോളവര്‍മാരെ അടിമപ്പണി ചെയ്യിച്ചാല്‍ അതിന് കൂട്ട് നില്‍ക്കുന്ന ക്യാമ്പ് കമാന്‍ഡന്റിനും പൊലീസ് ഉദ്യോഗസ്ഥനുമെതിരെ വകുപ്പ് തല നടപടി ഉണ്ടാകുമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. വീട്ടുവേലയ്ക്ക് നിയോഗിക്കപ്പെട്ട പൊലീസുകാരന്റെ ശമ്പളം കാരണക്കാരനായ ഉദ്യോഗസ്ഥനില്‍ നിന്ന് ഈടാക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും ഇക്കാലമത്രയും നടപ്പിലാക്കിയിട്ടില്ല.

DONT MISS
Top