ഗണേഷ് കുമാര്‍ മര്‍ദിച്ച സംഭവം: പരാതിക്കാരി രഹസ്യ മൊഴി നല്‍കി

അനന്തകൃഷ്ണൻ, ഷീന

കൊല്ലം: ഗണേഷ് കുമാര്‍ എംഎല്‍എ മര്‍ദിച്ച സംഭവത്തില്‍ പരാതിക്കാരി രഹസ്യ മൊഴി നല്‍കി. ചവറ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്‍പാകെയാണ് ഷീന രഹസ്യമൊഴി നല്‍കിയത്. ഗണേഷ് കുമാറിനെതിരായ പരാതിയില്‍ ഉറച്ച് നില്‍ക്കുന്നെന്ന് ഷീന പറഞ്ഞു. എല്ലാ കാര്യങ്ങളും കോടതിയില്‍ പറഞ്ഞിട്ടുണ്ടെന്ന് ഷീന മാധ്യമങ്ങളോട് പ്രതികരിച്ചു.

ഷീനയുടെ മകന്‍ അനന്തകൃഷ്ണനെയാണ് ഗണേഷ് കുമാര്‍ എംഎല്‍എയും അദ്ദേഹത്തിന്റെ പിഎയും മര്‍ദിച്ചത്. ഷീനയോട് ഇവര്‍ അപമര്യാദയായി പെരുമാറുകയും ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ഷീന പരാതി നല്‍കിയെങ്കിലും പൊലീസ് നിസാരവകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തുടര്‍ന്ന് ഷീന ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് രഹസ്യമൊഴി നല്‍കാന്‍ പൊലീസ് കഴിഞ്ഞ ദിവസം ഷീനയ്ക്ക് നോട്ടീസ് നല്‍കിയത്.

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കേണ്ടതാണ്. എന്നാല്‍ പൊലീസ് ഇതിന് തയ്യാറായിട്ടില്ല. മര്‍ദനക്കേസിലും എംഎല്‍എയ്‌ക്കെതിരെ കൃത്യമായ വകുപ്പുകള്‍ പൊലീസ് ചുമത്തിയിട്ടില്ല. എന്നാല്‍ അനന്തകൃഷ്ണന്‍ തന്നെ മര്‍ദിച്ചെന്ന എംഎല്‍എയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

DONT MISS
Top