ചരിത്ര ടെസ്റ്റില്‍ അഫ്ഗാന്‍ ദയനീയ തോല്‍വിയിലേക്ക്, ഫോളോ ഓണ്‍ ചെയ്യുന്നു

ബംഗളുരു: ഇന്ത്യയ്‌ക്കെതിരായ പ്രഥമ ടെസ്റ്റില്‍ അഫ്ഗാനിസ്ഥാന്‍ വന്‍തോല്‍വിയിലേക്ക്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 474 നെതിരെ 109 റണ്‍സിന് പുറത്തായ അഫ്ഗാന്‍ ഫോളോ ഓണ്‍ ചെയ്യുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഫ്ഗാന്‍ രണ്ടാം ഇന്നിംഗ്സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സ് എന്ന നിലയിലാണ്.

നാലുവിക്കറ്റുകള്‍ വീഴ്ത്തിയ ഓഫ്‌സ്പിന്നര്‍ അശ്വിനാണ് സന്ദര്‍ശകരെ ആദ്യ ഇന്നിംഗ്സില്‍ തകര്‍ത്തത്. രണ്ടാം ഇന്നിംഗ്‌സിലും പിടിച്ച് നില്‍ക്കാന്‍ പാടുപെടുകയാണ് അഫ്ഗാന്‍. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ഉമേഷ് യാദവാണ് രണ്ടാം ഇന്നിംഗ്‌സില്‍ സന്ദര്‍ശകരെ തകര്‍ത്തത്. ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ ആറുവിക്കറ്റ് ശേഷിക്കെ 341 റണ്‍സ് കൂടി വേണം.

നേരത്തെ രണ്ടാം ദിനം ആറിന് 347 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 474 റണ്‍സിന് പുറത്തായിരുന്നു. 71 റണ്‍സെടുത്ത ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഇന്നിംഗ്‌സാണ് രണ്ടാം ദിനത്തില്‍ ആതിഥേയര്‍ക്ക് തുണയായത്. അഫ്ഗാന് വേണ്ടി യാമിന്‍ അഹമ്മദ്‌സായി മൂന്നും വഫാദര്‍, റാഷിദ് ഖാന്‍ എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യദിനം സെഞ്ച്വറികള്‍ നേടിയ ശിഖര്‍ ധവാന്‍ (109), മുരളി വിജയ് (107) എന്നിവരാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ലോകേഷ് രാഹുല്‍ (54), ചേതേശ്വര്‍ പൂജാര (35) എന്നിവരും ഇന്ത്യയ്ക്കായി തിളങ്ങി.

മറുപടി ബാറ്റിംഗ് ആരംഭിച്ച അഫ്ഗാന് ഇന്ത്യന്‍ ബൗളിംഗിന് മുന്നില്‍ പിടിച്ച് നില്‍ക്കാനായില്ല. 24 റണ്‍സെടുത്ത മുഹമ്മദ് നബിയാണ് അവരുടെ ടോപ് സ്‌കോറര്‍. സ്‌കോര്‍ 15 ല്‍ നില്‍ക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. 88 ന് ഒന്‍പത് വിക്കറ്റുകള്‍ നഷ്ടമായ ടീമിനെ നൂറുകടത്തിയത് അവസാന വിക്കറ്റില്‍ 21 റണ്‍സ് ചേര്‍ത്ത മുജീബ് ഉര്‍ റഹ്മാന്‍ (15) -വഫാദര്‍ (6) സഖ്യമാണ്. ഇതാണ് അഫ്ഗാന്‍ ഇന്നിംഗ്‌സിലെ ഉയര്‍ന്ന കൂട്ടുകെട്ടും. മുഹമ്മദ് ഷഹ്‌സാദ് (14), റഹ്മത്ത് ഷാ (14), ഹസ്മത്തുള്ള ഷാഹിദി (11), അസ്ഗര്‍ സ്റ്റാനിക്ക്‌സായി (11) എന്നവരാണ് രണ്ടക്കം കടന്ന മറ്റ് താരങ്ങള്‍.

ഇന്ത്യയ്ക്ക് വേണ്ടി ഇഷാന്ത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഒരു വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവ് ടെസ്റ്റ് ക്രിക്കറ്റില്‍ നൂറ് വിക്കറ്റ് എന്ന നേട്ടം തികച്ചു. റഹ്മത്ത് ഷാ ആയിരുന്നു ഉമേഷിന്റെ നൂറാമത്തെ ഇര. മുപത്തിയെട്ടാം ടെസ്റ്റിലാണ് ഉമേഷ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

DONT MISS
Top