ഗള്‍ഫ് നാടുകളിലും ഇന്ന് ചെറിയപെരുന്നാള്‍; സൗദി രാജാവ് ഈദ് ആശംസകള്‍ അറിയിച്ചു

സല്‍മാന്‍ രാജാവ്

ജിദ്ദ: സൗദി അടക്കമുള്ള ഗള്‍ഫ് നാടുകളിലും ഇന്ന് ചെറിയപെരുന്നാള്‍. ഈദുല്‍ ഫിത്തര്‍ ദിനത്തില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ലോക മുസ്‌ലിംങ്ങള്‍ക്ക് ഈദാശംസകള്‍ അറിയിച്ചു. പുണ്യ നഗരങ്ങളിലെത്തുന്ന തീര്‍ത്ഥാടകരെ സേവിക്കുന്നതില്‍ സൗദി അറേബ്യക്ക് ചാരിദാര്‍ത്ഥ്യമുണ്ടെന്നു പറഞ്ഞ സല്‍മാന്‍ രാജാവ് എല്ലാവിധ തീവ്രവാദ പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുന്നതായും ഈദ് സന്ദേശത്തില്‍ പറഞ്ഞു.

സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുകയാണ്. സൗദിയുടെ വിവിധ പ്രവിശ്യകളിലും യുഎഇ അടക്കമുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും കഴിഞ്ഞ ദിവസം ശവ്വാല്‍ മാസപ്പിറവി കണ്ടതായി സ്ഥിരീകരണം ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്ന് ഈദുല്‍ഫിത്തര്‍ എന്ന ചെറിയ പെരുന്നാള്‍ ദിനമായിരിക്കുമെന്ന് സൗദി സുപ്രിം ജുഡിഷ്യറി കൗണ്‍സില്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം റമദാന്‍ 29 പൂര്‍ത്തിയാക്കിയാണ് ഇന്ത്യ അടക്കമുള്ള ലോകത്തെ മറ്റ് മുസ്‌ലിംങ്ങള്‍ക്കൊപ്പം ഗള്‍ഫിലെ മുസ്‌ലിംങ്ങളും ഇന്ന് ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്നത്. ഒമാനിലും ഇന്നുതന്നെയാണ് ചെറിയപെരുന്നാള്‍.

ലോകത്തെവിടെനിന്നും പുണ്യനഗരിയിലെത്തുന്ന തീര്‍ത്ഥാടകരെ സേവിക്കാന്‍ സൗദി അറേബ്യ സജ്ജമാണന്നും അതില്‍ അഭിമാനം കൊള്ളുന്നുവെന്നും സല്‍മാന്‍ രാജാവ് ഈദ് സന്ദേശത്തില്‍ പറഞ്ഞു. ലോക മുസ്‌ലിം ഐക്യത്തിന് സൗദി അറേബ്യ നിലകൊള്ളുന്നു. അതോടൊപ്പം ഇസ്‌ലാമിന്റെ സഹിഷ്ണുതയെ മുറുകെ പിടിക്കുകയും എല്ലാ വിധത്തിലുള്ള തീവ്ര ഭീകര വാതത്തെയും എതിര്‍ക്കുന്നതായും സല്‍മാന്‍ രാജാവ് പറഞ്ഞു. വിവര സാങ്കേതിക മന്ത്രിയാണ് സല്‍മാന്‍ രാജാവിന്റെ ഈദ് സന്ദേശം ദേശീയ ടെലിവിഷനിലൂടെ വായിച്ചത്. യുഎഇ, ഖത്തര്‍ തുടങ്ങിയ ഗള്‍ഫിലെ മറ്റ് ഭരണാധികാരികളും ഇദ് ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

DONT MISS
Top