ഗണേഷ് കുമാര്‍ എംഎല്‍എയുടെ വാദം പൊളിയുന്നു, യുവാവിനെ കൈയേറ്റം ചെയ്‌തെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

എംഎല്‍എയുടെ മര്‍ദനമേറ്റ അനന്തകൃഷ്ണന്‍

കൊല്ലം: അഞ്ചലില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ വാദം പൊളിയുന്നു. വാഹനത്തിന് സൈഡ് നല്‍കാത്തതിന് ഗണേഷ് കുമാറും പേഴ്‌സണല്‍ അസിസ്റ്റന്റ് പ്രദീപും അനന്തകൃഷ്ണനെ കയ്യേറ്റം ചെയ്‌തെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. എംഎല്‍എ തന്നെ കള്ളക്കേസില്‍ കുടുക്കുകയാണെന്ന് അനന്തകൃഷ്ണന്‍ പറഞ്ഞു.

അഞ്ചല്‍ അഗസ്ത്യക്കോട് വച്ച് വാഹനത്തിന് സൈഡ് നല്‍കാത്തതിന് ഗണേഷ്‌കുമാര്‍ യുവാവിനെ മര്‍ദ്ദിച്ചെന്നായിരുന്നു പരാതി. ആരോപണം പൂര്‍ണ്ണമായും നിഷേധിച്ച എംഎല്‍എ മര്‍ദ്ദനമേറ്റ യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തല്‍ ഇങ്ങനയാണ്. ഇന്നലെ ഉച്ചയ്ക്ക് ശേഷം എംഎല്‍എയുടെ വാഹനവും അനന്തകൃഷ്ണന്റെ വാഹനവും ഒരേ ദിശയില്‍ വന്നു. ഗണേഷ്‌കുമാറിന്റെ പിഎ പ്രദീപ് എംഎല്‍എയുടെ വാഹനത്തില്‍ നിന്നിറങ്ങി. അനന്തകൃഷ്ണനോട് വാഹനം മാറ്റാന്‍ ആവശ്യപ്പെട്ടു. എംഎല്‍എയുടെ വാഹനം പിറകോട്ടെടുക്കുന്നതാണ് എളുപ്പം എന്ന് പറഞ്ഞ അനന്തകൃഷ്ണന്റെ തോളിലും തലയിലും പ്രദീപ് അടിച്ചു. ഇതു കണ്ട് ഇറങ്ങി വന്ന ഗണേഷ്‌കുമാര്‍ അനന്തനെ പിടിച്ച് തള്ളുകയും അമ്മയെ അസഭ്യം പറയുകയും ചെയ്തു. നാട്ടുകാര്‍ കൂടുന്നത് കണ്ട് എംഎല്‍എയും സംഘവും വാഹനത്തിനുള്ളില്‍ കയറി.

സംഭവം നടന്ന മരണ വീടിന് സമീപം അഞ്ചല്‍ സിഐ ഉണ്ടായിരുന്നിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അനന്തകൃഷ്ണന്‍ പറയുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തും. ഗണേഷ് കുമാറിന്റേയും പിഎ പ്രദീപിന്റേയും അനന്തകൃഷ്ണന്റേയും മൊഴി വീണ്ടും രേഖപ്പെടുത്തും. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ ഗണേഷ്‌കുമാര്‍ എംഎല്‍എ തയ്യാറായില്ല.

DONT MISS
Top