തമിഴ്‌നാട്ടില്‍ പളനിസ്വാമി സര്‍ക്കാരിന് താല്‍ക്കാലിക ആശ്വാസം; എംഎല്‍എമാരുടെ അയോഗ്യത കേസ് പരിഗണിക്കുന്നത് വിശാല ബെഞ്ചിന് വിട്ടു

മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ്‌നാട്ടിലെ 18 വിമതവിഭാഗം എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ അയോഗ്യത കല്‍പ്പിച്ചതിനെതിരേയുള്ള ഹര്‍ജി പരിഗണിക്കുന്നത് മദ്രാാസ് ഹൈക്കോടതി വിശാല ബെഞ്ചിന് വിട്ടു. വിശാല ബെഞ്ച് രൂപീകരിക്കപ്പെട്ട് കേസ് പരിഗണിക്കുന്ന നടപടിക്രമം സമയമെടുക്കുമെന്നതിനാല്‍ മദ്രാസ് ഹൈക്കോടതിയുടെ തീരുമാനം മുഖ്യമന്ത്രി എടപ്പാടി കെ പളനി സ്വാമി നയിക്കുന്ന തമിഴ്‌നാട്ടിലെ എഐഎഡിഎംകെ സര്‍ക്കാരിന് താല്‍ക്കാലികമായാണെങ്കിലും ഏറെ ആശ്വാസകരമാണ്.

കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ പളനിസ്വാമി പക്ഷത്ത് നിന്ന് ടിടിവി ദിനകരന്‍ പക്ഷത്തേക്ക് കൂറുമാറിയ 18 എംഎല്‍എമാരെ നിയമസഭാ സ്പീക്കര്‍ പി ധനപാലന്‍ അയോഗ്യരാക്കിയതിനെതിരേയാണ് എംഎല്‍എമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. 18 എംഎല്‍എമാര്‍ അയോഗ്യരായതോടെ പളനിസ്വാമി സര്‍ക്കാരിന് തകര്‍ച്ചയെ അതീജീവിക്കാനായിരുന്നു.

എംഎല്‍എമാരായ തങ്ക തമിള്‍സെല്‍വന്‍, ആര്‍ മുരുഗന്‍, ചോ മാരിയപ്പന്‍ കെന്നഡി, കെ കാത്തികാമു, സി ജയന്തി പത്മനാഭന്‍, പി പളനിയപ്പന്‍, വി സെന്തില്‍ ബാലാജി, എസ് മുത്തയ്യ, പി വെട്രിവേല്‍, എന്‍ജി പാര്‍ത്ഥിപന്‍, എം കോതണ്ടപാണി, ടിഎ ഇളുമലൈ, എം രംഗസ്വാമി, ആര്‍ തങ്കദുരൈ, ആര്‍ ബാലസുബ്രഹ്മണി, എസ്ജി സുബ്രഹ്മണ്യന്‍, ആര്‍ സുന്ദരരാജ്, കെ ഉമാ മഹേശ്വരി എന്നിവരെയാണ് അയോഗ്യരാക്കിയത്.  18 പേര്‍ അയോഗ്യരായതോടെ ദിനകരന്‍ പക്ഷത്തിന്റെ സഭയിലെ അംഗബലം മൂന്നായി ചുരുങ്ങുകയായിരുന്നു.

അതേസമയം, ഹര്‍ജി പിന്‍വലിച്ച് ഈ 18 പേരും രാജിവച്ച് ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റകഴകം പാര്‍ട്ടിയുടെ ലേബലില്‍ ഉപതെരഞ്ഞെടുപ്പിനെ നേരിട്ട് വിജയം നേടുന്ന സാഹചര്യമുണ്ടായാലും പളനിസ്വാമി സര്‍ക്കാരിന് അത് ഭീഷണിയാകും. ഇവര്‍ എല്ലാവരും വിജയിക്കുന്ന സാഹചര്യമുണ്ടായാല്‍ പളനിസ്വാമി പക്ഷം ന്യൂനപക്ഷമാകും.

DONT MISS
Top