നടി ആക്രമിക്കപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ നീക്കം വിചാരണ വൈകിപ്പിക്കാനെന്ന് സര്‍ക്കാര്‍

ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍. ഇന്ന് കോടതിയില്‍ നിലപാട് വ്യക്തമാക്കിയപ്പോഴാണ് ദിലീപിന്റെ ഹര്‍ജിയെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തത്. സിബിഐ അന്വേഷണം ആവശ്യപ്പെടുള്ള ദീലീപിന്റെ ഹര്‍ജി കേസിന്റെ വിചാരണ വൈകിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

ഇതേസമയം, ദിലീപിന്റെ കേസ് അന്വേഷിക്കുന്നത് സംബന്ധിച്ച്‌ സിബിഐ കൃത്യമായ നിലപാട് അറിയിക്കണമെന്ന്  സിബിഐയോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിന്റെ ആദ്യ കുറ്റപത്രത്തില്‍ താന്‍ പ്രതിയായിരുന്നില്ലെന്നും  എന്നാല്‍ ആദ്യം അറസ്റ്റിലായ ചിലരുടെ ആരോപണങ്ങള്‍ മാത്രം കണക്കിലെടുത്താണ് പിന്നീട് തന്നെ കുടുക്കിയയതെന്നുമായിരുന്നു ദിലീപിന്റെ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. പൊലീസിന്റെ ഏറ്റവും ഉയര്‍ന്ന തലങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ നേരിട്ട് ഇടപെട്ടായിരുന്നു തന്നെ കേസില്‍ കുടുക്കിയതെന്നും അതുകൊണ്ട് തന്നെ അവരുടെ നിയന്ത്രത്തിലല്ലാത്ത മറ്റൊരു ഏജന്‍സിയുടെ അന്വേഷണത്തിലൂടെയേ സത്യം പുറത്തുവരൂവെന്നായിരുന്നു ദിലീപിന്റെ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നത്.

സമാന ആക്ഷേപങ്ങള്‍ ഉന്നയിച്ച് ദിലീപ് നേരത്തെ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ അനുകൂല സമീപനം ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

കേസിന്റെ വിചാരണ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് നടക്കുന്നത്. അങ്കമാലി മജിസ്ട്രേട്ട് കോടതിയില്‍നിന്നും കേസ് വിചാരണയ്ക്കായി സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍വച്ച്‌ നടി ആക്രമിക്കപ്പെട്ടത്. നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി. സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപിനെയും അന്വഷണ സംഘം പ്രതിപ്പട്ടികയില്‍പ്പെടുത്തിയത്.

DONT MISS
Top