അഫ്ഗാന് ‘ടെസ്റ്റ്’, ധവാന്റെ സെഞ്ച്വറിയില്‍ ഇന്ത്യ മുന്നേറുന്നു


ബംഗളുരു: കന്നി ടെസ്റ്റിനിറങ്ങിയ അഫ്ഗാനിസ്ഥാന് മുന്നില്‍ ഇന്ത്യന്‍ ബാറ്റിംഗ് വിരുന്ന്. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഓപ്പണര്‍ ധവാന്റെ സെഞ്ച്വറിയുടെ മികവില്‍ ശക്തമായ നിലയില്‍ മുന്നേറുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് എടുത്തിട്ടുണ്ട്. ധവാന്റെ (107) വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഓപ്പണര്‍ മുരളി വിജയ് (84), ലോകേഷ് രാഹുല്‍ (23) എന്നിവരാണ് ക്രീസില്‍. അഹമ്മദ്സായി ആണ് അഫ്ഗാന് വേണ്ടി ആദ്യ ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കിയത്.

വെറും 40 ഓവറിലാണ് ഇന്ത്യ 200 കടന്നിരിക്കുന്നത്. ഓവറില്‍ അഞ്ച് റണ്‍സ് ശരാശരിയിലാണ് ഇന്ത്യയുടെ മുന്നേറ്റം. ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി ഒന്നാം വിക്കറ്റില്‍ 168 റണ്‍സാണ് ധവാനും വിജയും ചേര്‍ത്തത്. 87 പന്തിലാണ് ധവാന്‍ തന്റെ ഏഴാം ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 18 ഫോറുകളും മൂന്ന് സിക്‌സറുകളും ഉള്‍പ്പെടെ 96 പന്തില്‍ 107 റണ്‍സെടുത്ത ധവാനെ അഹമ്മദ് സായിയുടെ പന്തില്‍ നബി പിടിച്ച് പുറത്താക്കുകയായിരുന്നു.

കളിയുടെ ആദ്യ സെഷനില്‍ തന്നെ ധവാന്‍ മൂന്നക്കം തികച്ചു. ഇതിലൂടെ ടെസ്റ്റിന്റെ ആദ്യദിനത്തില്‍ ആദ്യ സെഷനില്‍ തന്നെ സെഞ്ച്വറി തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതി ധവാന്‍ സ്വന്തമാക്കി. മറുവശത്ത് ധവാന് മികച്ച പിന്തുണ നല്‍കിയ വിജയ് 80 റണ്‍സുമായി ബാറ്റിംഗ് തുടരുകയാണ്. ഇതുവരെ 117 പന്തുകള്‍ നേരിട്ട വിജയ് 11 ഫോറുകളും ഒരു സിക്‌സറും അടിച്ചിട്ടുണ്ട്.

DONT MISS
Top