കാൽപ്പന്തിന്റെ ചടുലതയും ചലനാത്മകതയും സ്വീകാര്യതയും മറ്റൊരു കളിക്കുമില്ല; റഷ്യന്‍ ലോകകപ്പിന് ആശംസ അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായിയും

കൊച്ചി: റഷ്യയില്‍ ഇന്ന് രാത്രി ആരംഭിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ആശംസയര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി ലോകകപ്പ് ആവേശത്തിനൊപ്പം കൂടിയത്. കൊച്ചുമകന്‍ ഇഷാനൊപ്പം ഔദ്യോഗികവസതിയുടെ മുറ്റത്ത് പന്തുതട്ടുന്ന ചിത്രവും മുഖ്യമന്ത്രി പങ്കുവെച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ എഫ്ബി പോസ്റ്റ്:

കാൽപ്പന്തിന്റെ ചടുലതയും ചലനാത്മകതയും വീറും ഹരവും സാർവലൗകിക സ്വീകാര്യതയും മറ്റൊരു കളിക്കുമില്ല.
ഫുട്‌ബോൾ അതിരുകളില്ലാതെ മനുഷ്യനെ ഒന്നിപ്പിക്കുന്ന, ഒരു ചരടിൽ കോർക്കുന്ന കായിക വിനോദമാണ്. അതിനു ദേശഭേദങ്ങളില്ല. തലമുറകളുടെ അന്തരമില്ല.

ഫുട്‌ബോൾ എന്ന ഒറ്റ വികാരത്തിലേക്ക് ലോക ജനത ഒന്നിച്ചെത്തുന്ന, റഷ്യയിൽ വിശ്വഫുട്ബോൾ മഹോത്സവത്തിന് അരങ്ങുണരുന്ന മുഹൂർത്തത്തിനായി ലോകം കണ്ണുനട്ടിരിക്കുന്ന ഈ സവിശേഷ വേളയിൽ, ലോകകപ്പിന്റെ 32 നാളുകളിലേക്ക്; ആവേശത്തിലേക്കും ഉദ്വേഗത്തിലേക്കും പ്രതീക്ഷയിലേക്കും….. ഫുട്‌ബോൾ പ്രേമികൾക്കൊപ്പം, കൊച്ചു മകൻ ഇഷാനോടൊപ്പം

ഫുട്‌ബോളിന്റെ ലോകമാമാങ്കത്തിന് ഇന്ന് ഇന്ത്യന്‍ സമയം രാത്രി എട്ടരയ്ക്ക്  റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെ ലുഷ്‌നിക്കി സ്‌റ്റേഡിയത്തിലാണ് തുടക്കമാകുന്നത്. ഇന്ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ റഷ്യ, സൗദി അറേബ്യയെ നേരിടും. കൃത്യം ഒരു മാത്തിന് ശേഷം  ജൂലൈ 15 ന് കിരീടപ്പോരാട്ടം നടക്കും. ഗ്രൂപ്പ ഘട്ടം മുതല്‍ ഫൈനല്‍ വരെ മൊത്തം 64 മത്സരങ്ങളാണ് നടക്കുന്നത്.  ആതിഥേയരുള്‍പ്പെടെ 32 ടീമുകളാണ് കിരീടത്തിനായി പോരാടുന്നത്. മോസ്‌കോ, സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്, സോച്ചി തുടങ്ങി 11 നഗരങ്ങളിലെ 12 സ്‌റ്റേഡിയങ്ങളിലായാണ് മത്സങ്ങള്‍ അരങ്ങേറുന്നത്.

DONT MISS
Top