സംസ്ഥാന കോണ്‍ഗ്രസില്‍ വിമര്‍ശനങ്ങള്‍ തുടരുന്നു; പരസ്യ പ്രസ്താവന വിലക്കിയിട്ടും വിമര്‍ശനങ്ങളുമായി വീണ്ടും വിഎം സുധീരന്‍

തിരുവനന്തപുരം: പരസ്യ പ്രതികരണം ഹൈക്കമാന്‍ഡ് വിലക്കിയിട്ടും കോണ്‍ഗ്രസില്‍ വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ഗ്രൂപ്പിസത്തിനിരയാണ് താനെന്ന് വിഎം സുധീരന്റെ വെളിപ്പെടുത്തല്‍. പുതിയ വിവാദത്തിന് വഴി തെളിക്കുന്നു. ഇന്ന് വിളിച്ചു ചേര്‍ക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ നേതൃത്വത്തിനെതിരെ വിഎം സുധീരന്‍ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കും.

ഹൈക്കമാന്റിന്റെ വിലക്ക് ലംഘിച്ചും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വിഴുപ്പലക്കല്‍ തുടരുകയാണ്. രാജ്യസഭാ സീറ്റ് വിവാദമാണ് പ്രശ്‌നങ്ങള്‍ അതി സങ്കീര്‍ണ്ണമാക്കിയത്. യുവാക്കള്‍ മുതല്‍ മുതിര്‍ന്ന നേതാക്കള്‍ വരെ പാര്‍ട്ടിക്കെതിരെ രംഗത്തു വന്നു. ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും തെരുവില്‍ ചോദ്യം ചെയ്യുന്ന അവസ്ഥ വരെയുണ്ടായി.

മുതിര്‍ന്ന നേതാക്കളടക്കം പാര്‍ട്ടി കമ്മിറ്റികളില്‍ നേതൃത്വത്തെ ചോദ്യം ചെയ്യുന്ന ഘട്ടമെത്തിയപ്പോള്‍ ഹൈക്കമാന്‍ഡ് ഇടപെട്ടു. തുടര്‍ന്ന് നടത്തിയ രാഷ്ട്രീയകാര്യ സമിതി യോഗത്തിലും നേതൃ യോഗത്തിലും സമാനമായ സംഭവങ്ങള്‍ അരങ്ങേറി. വിഎം സുധീരനും രാജ്‌മോഹന്‍ ഉണ്ണിത്താനുമടക്കമുള്ള നേതാക്കള്‍ പരസ്യമായി നേതൃത്വത്തിനെതിരെ തിരിഞ്ഞു. ഈ ഘട്ടത്തിലാണ് അച്ചടക്കനടപടിയെന്ന വാളുമായി നേതൃത്വം രംഗത്തിറങ്ങിയത്.

എന്നിട്ടും മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി പാര്‍ട്ടിഫോറങ്ങളില്‍ മാത്രം ഒതുങ്ങിനിന്ന വിമര്‍ശനങ്ങള്‍ കൂടുതല്‍ രൂക്ഷമായി പൊതുസമൂഹത്തില്‍ ഉയര്‍ന്ന കാഴ്ചയാണ് നിലവില്‍ കാണുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ നേതൃമാറ്റം വേണമെന്നാണ് യുവനിരയുടെ ആവശ്യം. ഒപ്പം ഗ്രൂപ്പ്‌പോര് ഒഴിവാക്കണമെന്ന ആവശ്യത്തിനും നിലവില്‍ പ്രസക്തിയേറുകയാണ്.

ഇന്ന് വിഎം സുധീരന്‍ വിളിച്ചു ചേര്‍ക്കുന്ന വാര്‍ത്താ സമ്മേളനം പാര്‍ട്ടി ഗ്രൂപ്പ് പോരിനെതിരെയുള്ള തുറന്ന വെല്ലുവിളിയാകുമെന്ന് ഉറപ്പാണ്.

DONT MISS
Top