ചരിത്രകൂടിക്കാഴ്ച പുരോഗമിക്കുന്നു, ആത്മവിശ്വാസത്തോടെ ട്രംപും കിമ്മും


സിംഗപ്പൂര്‍ സിറ്റി: ലോകം കണ്ണും കാതും സമര്‍പ്പിച്ച് കാത്തിരിക്കുന്ന കിം-ട്രംപ് കൂടിക്കാഴ്ച പുരോഗമിക്കുന്നു. കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഇരുരാഷ്ട്രനേതാക്കളും സൗഹൃദസംഭാഷണം നടത്തി. സംഭാഷം 45 മിനിട്ടോളം നീണ്ടുനിന്നു. സൗഹൃദസംഭാഷണത്തിന് ശേഷം കിമ്മും ട്രംപും ഉച്ചകോടിയെ കുറിച്ച് വലിയ ആത്മവിശ്വാസമാണ് പ്രകടിപ്പിച്ചത്.


സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപ്പെല്ല ഹോട്ടലിലാണ് ചരിത്രകൂടിക്കാഴ്ച നടക്കുന്നത്. ഇരുരാഷ്ട്രങ്ങളുടെയും സംഘങ്ങള്‍ ഒരുമേശയ്ക്ക് ഇരുപുറവും ഇരുന്ന് ചര്‍ച്ചകള്‍ ആരംഭിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് അമേരിക്കയുടെയും ഉത്തരകൊറിയയുടെയും ഭരണാധികാരികള്‍ കൂടിക്കാഴ്ച നടത്തുന്നത്. അതിനാല്‍ത്തന്നെ ലോകം വലിയ പ്രതീക്ഷയോടെയാണ് ചര്‍ച്ചയെ നോക്കിക്കാണുന്നത്.

രാവിലെ 6.42 ന് കാപ്പെല്ല ഹോട്ടലിലെത്തിയ ഇരുനേതാക്കളും ഹസ്തദാനം നടത്തി. തുടര്‍ന്ന് ഇരുവരും മാധ്യമങ്ങളെ കണ്ടു. ചര്‍ച്ച വലിയ വിജയമാകുമെന്നും കൂടിക്കാഴ്ച വലിയ ബന്ധത്തിന്റെ തുടക്കമാകുമെന്നും ട്രംപ് പ്രതികരിച്ചു. ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത കൂടിക്കാഴ്ചയാണെന്നും വളരെ വിശിഷ്ടമായിരുന്നെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

മുന്‍വിധികളില്ലാതെയാണ് ചര്‍ച്ചയെന്നും കൂടിക്കാഴ്ച വരെ കാര്യങ്ങളെത്താന്‍ ശരിക്കും പ്രയാസപ്പെട്ടെന്നും കിം പറഞ്ഞു. കൂടിക്കാഴ്ച സമാധാനത്തിനുള്ള നാന്ദികുറിക്കലാണെന്നും കിം പറഞ്ഞു.

അമേരിക്കന്‍ സംഘത്തില്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍, സെക്കന്റ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലി, വൈറ്റ്ഹൗസ് ഓപ്പറേഷന്‍സ് മേധാവി ജോ ഹാഗിന്‍ എന്നിവരാണുള്ളത്. ഉത്തരകൊറിയന്‍ സംഘത്തില്‍ വിദേശകാര്യമന്ത്രി റീ യോങ് ഹൊ, മുന്‍ മിലിട്ടറി ഇന്റലിജന്‍സ് മേധാവി കിം യോങ് ചോള്‍, കിമ്മിന്റെ സഹോദരി കിം യോ ചോങ്, കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി ചെയര്‍മാന്‍ റി സു യോങ് എന്നിവരാണുള്ളത്.

ഉത്തരകൊറിയയില്‍ ആണവനിരായുധീകരണം സാധ്യമാക്കുക എന്നതാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഇതിനായി ഉത്തകൊറിയ പൂര്‍ണമായും അണ്വായുധം അടിയറവ് വയ്ക്കണമെന്ന നിലപാട് അമേരിക്ക ചര്‍ച്ചയില്‍ മുന്നോട്ട് വയ്ക്കും. ഇതാവും ചര്‍ച്ചയില്‍ നിര്‍ണായകമാവുക.

DONT MISS
Top