കൊച്ചി മരടിന് സമീപം സ്‌കൂള്‍ ബസ് മറിഞ്ഞ് രണ്ടുകുട്ടികളും ആയയും മരിച്ച സംഭവം; പൊലീസും മോട്ടോര്‍ വാഹനവകുപ്പും അന്വേഷണം ആരംഭിച്ചു

കൊച്ചി: കൊച്ചി മരടിന് സമീപം ഡേകെയറിലെ വാഹനം അപകടത്തില്‍ പെട്ട സംഭവത്തില്‍ പൊലീസും മോട്ടോര്‍ വാഹനവകുപ്പും അന്വേഷണം ആരംഭിച്ചു. വിശദമായ റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. ഇന്നലെയാണ് കൊച്ചി മരടിന് സമീപം ഡേകെയറിലെ കുട്ടികളുമായി പോയ സ്‌കൂള്‍ ബസ് കുളത്തിലേക്ക് മറിഞ്ഞത്. അപകടത്തില്‍ രണ്ട് കുട്ടികളും ആയയും മരിച്ചിരുന്നു. കിഡ്‌സ് വേള്‍ഡ് സ്‌കൂളിലെ എട്ട് കുട്ടികളും ആയയുമാണ് ഡ്രൈവറെ കൂടാതെ ബസിലുണ്ടായിരുന്നത്. മറ്റുള്ളവരെ രക്ഷപെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം. മരട് കാട്ടിത്തറയിലാണ് അപകടമുണ്ടായത്. കാട്ടിത്തറ ക്ഷേത്രക്കുളത്തിലേക്കാണ് ബസ് മറിഞ്ഞത്. നിയന്ത്രണം വിട്ട് ബസ് ക്ഷേത്രക്കുളത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ജില്ലാകളക്ടറോട് മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ട അവസരത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അപകടം നടന്ന സ്ഥലത്തിനു സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് വാഹനം പെട്ടന്ന് വെട്ടിച്ചതാണ് അപകടത്തിന് കാരണമെന്ന് വ്യക്തമായിട്ടുണ്ട്.

ഡ്രൈവറുടെ അശ്രദ്ധയും റോഡിന്റെ വീതികുറവുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഡ്രൈവര്‍ അനില്‍ കുമാറിനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.

വാഹനത്തിന് രണ്ട് വര്‍ഷത്തേക്ക് കൂടി പെര്‍മിറ്റ് ഉണ്ടെന്നും ഡ്രൈവര്‍ക്ക് ലൈസന്‍സും ബാഡ്ജും ഉണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി. എന്നാല്‍ സ്‌കൂള്‍ വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് ഏര്‍പ്പെടുത്തിയ ഫിറ്റ്‌നസ് വാങ്ങിയിട്ടില്ല. ഇക്കാര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ച വന്നിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കും. സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അവരെയും പ്രതി ചേര്‍ക്കാനാണ് സാധ്യത.

DONT MISS
Top