റാഫ……. കളിമണ്‍ കോര്‍ട്ടിലെ ഒരേയൊരു രാജാവ്

‘ഇവിടെയുണ്ട് ഞാന്‍ എന്നറിയിക്കുവാന്‍…. മധുരമാമീ കിരീടവിജയം മതി’….. റോളണ്ട് ഗാരോസില്‍ റഫേല്‍ നദാല്‍ ഒരിക്കല്‍ക്കൂടി കിരീടം ഉയര്‍ത്തി. തന്നെ വെല്ലാന്‍ ആരുണ്ട് എന്ന ചോദ്യം ചോദിക്കാതെ ചോദിച്ച്, 32 കാരനായ നദാല്‍ ആകാശത്തേക്ക് കൈകള്‍ വീശി നെഞ്ച് വിരിച്ച് നിന്നു, കളിമണ്‍ കോര്‍ട്ടിലെ അതികായനായി. അതെ… ഇവിടെ റാഫയെ വെല്ലാന്‍ തത്കാലം ആരുമില്ല. ഉള്ളവര്‍ ഇനി ജനിക്കണം, അല്ലെങ്കില്‍ അത് തെളിയിച്ച് വരണം… അത് മുറപോലെ നടക്കട്ടെ. കഴിഞ്ഞ 14 കിരീടങ്ങളില്‍ 11 ഉം സ്വന്തം കൈക്കുമ്പിളില്‍ കോരിയെടുത്തു റാഫ….

ഓസ്‌ട്രേലിയയുടെ ഡൊമനിക് തീമിനെ എതിരില്ലാത്ത സെറ്റുകള്‍ക്ക് തകര്‍ത്തായിരുന്നു റാഫ തന്റെ പതിനൊന്നാം ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടത്. സ്‌കോര്‍ 6-4, 6-3, 6-2. ഒരു ഗ്രാന്റ് സ്ലാം കിരീടം ഇത്രയും തവണ സ്വന്തമാക്കിയ ഒരു പുരുഷ താരവും ഇന്നില്ല. ഒപ്പമുള്ളത് ഓസ്‌ട്രേലിയന്‍ മുന്‍ വനിതാ താരം മാര്‍ഗരറ്റ് കോര്‍ട്ട്. മാര്‍ഗരറ്റ് 11 തവണ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയിട്ടുണ്ട്.

കരിയറിലെ പതിനേഴാം ഗ്രാന്റ് സ്ലാം കിരീടമാണ് റാഫ ഉയര്‍ത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ മുന്നില്‍ സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ മാത്രം. ഫെഡററുടെ ക്രെഡിറ്റില്‍ ഉള്ളത് 20 ഗ്രാന്റ് സ്ലാം കിരീടങ്ങള്‍. എന്നാല്‍ റാഫയെ പോലെ ഒരു കോര്‍ട്ടില്‍ ഇത്രയേറെ അപ്രമാദിത്വം നേടാന്‍ റോജര്‍ക്ക് സാധിച്ചിട്ടില്ല. തന്റെ സ്വന്തം തട്ടകമായ പുല്‍ക്കോര്‍ട്ടില്‍ എട്ട് കിരീടങ്ങള്‍ നേടിയതാണ് റോജറിന്റെ മികച്ച നേട്ടം. പക്ഷെ അവിടെ പലപ്പോഴും ഈ റാഫയ്ക്ക് മുന്നില്‍ റോജര്‍ക്ക് കാലിടറിയിട്ടുണ്ട്.

ആധുനിക ടെന്നീസിലെ പവര്‍ ഹൗസ് എന്ന് റാഫയെ വിളിക്കാം, പല കാരണങ്ങളാലും. പലതവണ എഴുതിത്തള്ളിയിടത്തു നിന്നാണ് റാഫ ഊര്‍ജ്ജപ്രവാഹവുമായി തിരിച്ചെത്തി കായികലോകത്തെ ഞെട്ടിച്ചിട്ടുള്ളത്. പരുക്കിനെ തുര്‍ന്ന് ഏറെക്കാലം കളത്തില്‍ നിന്ന് വിട്ടുനിന്നിരുന്ന റാഫയുടെ കരിയര്‍ തന്നെ അവസാനിച്ചെന്ന് വിധിയെഴുതിയവര്‍ ഉണ്ട്. ഇനി ഒരു കിരീടം പോലും നേടാന്‍ സാധ്യതയില്ലെന്നും എഴുതിപ്പിടിപ്പിച്ചു. പക്ഷെ തന്റെ ശക്തി എന്തെന്ന് സ്വയം തിരിച്ചറിഞ്ഞവനായിരുന്നു റാഫ. തന്റെ ശക്തിയെക്കുറിച്ച് ഇക്കൂട്ടര്‍ക്ക് വലിയെ പിടിയില്ലെന്നും റാഫയ്ക്ക് ഉറപ്പുണ്ടായിരുന്നു. അവര്‍ക്കുള്ള മറുപടിയായിട്ടാണ് എതിരാളികളെ തകര്‍ത്തെറിഞ്ഞുള്ള ഈ കിരീട നേട്ടം.

2005 ലാണ് റാഫ റോളണ്ട് ഗാരോയില്‍ കിരീട വേട്ട തുടങ്ങിയത്. 2008 വരെ കിരീടം മറ്റാരെയും തേടിപ്പോയില്ല. 2009 ലാണ് ആദ്യ തിരിച്ചടി ഇവിടെ ഉണ്ടായത്. മൂന്നാം റൗണ്ടില്‍ റോബിന്‍സോഡര്‍ലിങിനോട് തോറ്റുപുറത്തായി. (അത്തവണ ഫെഡറര്‍ ആദ്യമായും അവസാനമായും കളിമണ്‍ കോര്‍ട്ടിലെ ഗ്രാന്റ് സ്ലാം കിരീടം സ്വന്തമാക്കി.) എന്നാല്‍ അടുത്ത വര്‍ഷം ശക്തമായി തിരിച്ചുവന്നു. പിന്നീട് 2010 മുതല്‍ 14 വരെ വീണ്ടും കിരീടം അടക്കിവാണു. 2015 ല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റുപുറത്തായപ്പോള്‍ 2016 ല്‍ പരുക്കിനെ തുടര്‍ന്ന് വിട്ടുനില്‍ക്കേണ്ടി വന്നു. 2017 ല്‍ വീണ്ടും കീരിടം ഉയര്‍ത്തി, ഇവിടെയുണ്ട് ഞാന്‍ എന്നറിയിച്ചു, ഉറക്കെത്തന്നെ..

ഇത്തവണ കിരീടത്തിലേക്കുള്ള അശ്വമേധത്തിനിടയില്‍ കൈവിട്ടത് ഒരു സെറ്റ് മാത്രമാണ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനിയുടെ ഡീഗോ ഷ്വാര്‍ട്ട്‌സ്മാനെതിരെ ആയിരുന്നു അത്. ആദ്യ സെറ്റ് 4-6 ന് നഷ്ടമായശേഷം തിരിച്ചടിച്ച റാഫ 6-3, 6-2, 6-2 വിജയത്തോടെ സെമിയിലേക്ക് മുന്നേറി. സെമി ഫൈനലുകളില്‍ സാധാരണ കറുത്ത കുതിര ആകാറുള്ള ഡെല്‍പോട്രോയെ തകര്‍ത്തെറിഞ്ഞ് (6-4, 6-1, 6-2)കലാശപ്പോരിന് അര്‍ഹത നേടി.

പ്രായം 32 ആയി. പരുക്ക് പലപ്പോഴും പിടികൂടുന്നുണ്ട്, വില്ലനാകുന്നുണ്ട്. ഈ വര്‍ഷം ഇനി അവശേഷിക്കുന്ന രണ്ട് ഗ്രാന്റ് സ്ലാം ടൂര്‍ണമെന്റുകളില്‍ റാഫ എന്ത് നേടും എന്നത് പ്രവചിക്കാനാകില്ല. പങ്കെടുക്കുമോ എന്നതുപോലും ഉറപ്പില്ല. എന്നിരുന്നാലും അടുത്ത തവണ റോളണ്ട് ഗാരോയില്‍ ചെമ്മണ്ണ് പാറിപ്പറക്കുമ്പോള്‍, അതിനെ തോല്‍പ്പിച്ച് അതിലേറെ വേഗത്തില്‍ കോര്‍ട്ടിലൂടെ ഓടി പന്തുകള്‍ പറപ്പിക്കുന്ന റാഫയെ കാണാന്‍ കാത്തിരിക്കുകയാണ്…. ആരാധകര്‍.

DONT MISS
Top