ട്രംപും കിമ്മും സിംഗപ്പൂരില്‍; നിര്‍ണായക കൂടിക്കാഴ്ച നാളെ

സിംഗപ്പൂര്‍: ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്ന ട്രംപ്-കിം കൂടിക്കാഴ്ചയ്ക്കായി ഇരുനേതാക്കളും സിംഗപ്പൂരിലെത്തി. നാളെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച. എല്ലാം ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.

ഇരുനേതാക്കളും ഞായറാഴ്ചയാണ് സിംഗപ്പൂരിലെത്തിയത്. ഉത്തരകൊറിയന്‍ നിരായുധീകരണവും, സമാധാനവുമാകും ചര്‍ച്ചയില്‍ പ്രധാനമായും ഉയര്‍ന്നുവരിക. ഉച്ചകോടിക്ക് മുന്നോടിയായി ഇരുനേതാക്കളും സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ ഹസിന്‍ ലൂങുമായി കൂടിക്കാഴ്ച നടത്തും. ആദ്യമായാണ് ഉത്തരകൊറിയന്‍ ഭരണാധികാരിയും അമേരിക്കന്‍ പ്രസിഡന്റും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. കിമ്മുമായുള്ള ചര്‍ച്ച വിജയിക്കുകയാണെങ്കില്‍ അദ്ദേഹത്തെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുന്ന കാര്യം പരിഗണിക്കുമെന്ന് നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നു.

അതേസമയം കിം-ട്രംപ് കൂടിക്കാഴ്ച നടക്കുന്ന സിംഗപ്പൂരില്‍ വന്‍ സുരക്ഷാസന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ഗൂര്‍ഖാ കമാന്‍ഡോകളാണ് കൂടിക്കാഴ്ചയ്ക്ക് സുരക്ഷയൊരുക്കുന്നത്. ചര്‍ച്ച നടക്കുന്ന പ്രദേശത്തിന്റെ മുഴുവന്‍ സുരക്ഷാ ചുമതലയും ഇവര്‍ക്കാണ്. 11 മുതല്‍ 13 വരെ സിംഗപ്പൂര്‍ വ്യോമപാതയില്‍ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

DONT MISS
Top