ചാഞ്ചാട്ടക്കാരനെന്ന് വിളിച്ചത് വിലകുറഞ്ഞ നടപടിയായിപ്പോയി: സുധീരന് കെഎം മാണിയുടെ മറുപടി

തിരുവനന്തപുരം: തന്നെ ചാഞ്ചാട്ട രാഷ്ട്രീയക്കാരനെന്ന് വിളിച്ച വിഎം സുധീരന് കെഎം മാണിയുടെ മറുപടി. 43 വര്‍ഷം യുഡിഎഫില്‍ ഉറച്ച് നിന്ന തന്നെ ചാഞ്ചാട്ടക്കാരനെന്ന് വിളിച്ചത് വിലുകുറഞ്ഞ നടപടി ആയിപ്പോയെന്ന് മാണി പ്രതികരിച്ചു.

പാര്‍ട്ടി സ്വതന്ത്രനിലപാട് പ്രഖ്യാപിച്ച ഘട്ടത്തിലാണ് സമദൂരനിലപാട് സ്വീകരിച്ചത്. യുഡിഎഫ് പ്രവേശനത്തിന് മുമ്പുള്ള തന്റെ അഭിപ്രായങ്ങളെ കുറിച്ചാണ് സുധീരന്‍ ഇപ്പോള്‍ സംസാരിക്കുന്നത്. തന്റെ അഭിമുഖം സുധീരന്‍ വ്യക്തമായി കണ്ടില്ലെന്ന് തോന്നുന്നു. അഭിമുഖം ഒന്നുകൂടി കണ്ട് കാര്യങ്ങള്‍ ശരിയായി വിലയിരുത്തണം. യുഡിഎഫില്‍ എത്തിയതോടെ മുന്നണിയെ ശക്തിപ്പെടുത്തുക എന്നതാണ് തങ്ങളുടെ നയം. ഇനി യുഡിഎഫിന്റെ ഭാഗമായി മുന്നോട്ട് പോകും. മാണി പറഞ്ഞു.

മാണിയുടേത് ചാഞ്ചാട്ട രാഷ്ട്രീയമാണെന്നും മാണിയുടെ രാഷ്ട്രീയ വിശ്വാസ്യത ജനങ്ങള്‍ക്കിടയില്‍ നഷ്ടമായെന്നുമായിരുന്നു വിഎം സുധീരന്റെ വിമര്‍ശനം. മാണി ഒരേ സമയം മൂന്ന് മുന്നണികളോടും വിലപേശുകയായിരുന്നു. നാളെ മാണി ബിജെപിയ്‌ക്കൊപ്പം പോകില്ലെന്ന് എന്തുറപ്പാണുള്ളത്. ബിജെപിയ്‌ക്കൊപ്പം പോകില്ലെന്ന് പ്രഖ്യാപിക്കാന്‍ മാണി തയ്യാറാകണം. സുധീരന്‍ അഭിപ്രായപ്പെട്ടു.

രാജ്യസഭാ സീറ്റ് മാണി വിഭാഗത്തിന് നല്‍കിയതിനെതിരെ തുടര്‍ച്ചയായ മൂന്നാം ദിവസവും നടത്തിയ വിമര്‍ശനത്തിനിടെയായിരുന്നു സുധീരന്റെ അഭിപ്രായപ്രകടനം.

DONT MISS
Top