പിജെ കുര്യന്റെ പരാമര്‍ശത്തിന് മറുപടി നല്‍കേണ്ടത് യുവ എംഎല്‍എമാര്‍; രാജ്യസഭാ സീറ്റ് വിവാദത്തില്‍ നിലപാട് കടുപ്പിച്ച് ഉമ്മന്‍ ചാണ്ടി

കോട്ടയം: രാജ്യസഭാ സീറ്റ് വിവാദത്തില്‍ നിലപാട് കടുപ്പിച്ച് ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. പിജെ കുര്യന്റെ പരാമര്‍ശത്തിന് മറുപടി നല്‍കേണ്ടത് യുവ എംഎല്‍എമാരെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ആരുടേയെങ്കിലും ചട്ടുകമായി പ്രവര്‍ത്തിച്ചോയെന്ന് അവര്‍തന്നെ വ്യക്തമാക്കണം. പിജെ കുര്യന്‍ ഹൈക്കമാന്‍ഡിന് പരാതി കൊടുക്കുന്നത് നല്ലകാര്യം. രാഹുല്‍ഗാന്ധിയെ തെറ്റിദ്ധരിപ്പിച്ചെന്നതിന് മറുപടി പറയേണ്ടത് രാഹുല്‍ ഗാന്ധിയും കെപിസിസി അധ്യക്ഷന്‍ എംഎം ഹസനും രമേശ് ചെന്നിത്തലയുമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. രാഷ്ട്രിയ കാര്യസമതിയില്‍ കടുത്ത നിലപാട് സ്വീകരിക്കാനാണ് എ ഗ്രൂപ്പിന്റെ തീരുമാനം.

രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയത് നന്നായെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. ഹൈക്കമാന്‍ഡിന് പരാതി നല്‍കുമ്പോള്‍ കാര്യങ്ങള്‍ എന്താണെന്ന് കുര്യന് മനസിലാകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

രാജ്യസഭ സീറ്റ് വിഷയത്തില്‍ യുവ എംഎല്‍എമാര്‍ ആരുടെയെങ്കിലും ചട്ടുകമായി പ്രവര്‍ത്തിച്ചു എന്ന കുര്യന്റെ ആരോപണത്തിന് മറുപടി പറയേണ്ടത് അവരാണ്. രാജ്യസഭ സീറ്റ് നല്‍കുന്ന കാര്യത്തില്‍ ഗൂഢാലോചന ഉണ്ടായി എന്ന കുര്യന്റെ ആരോപണത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എംഎം ഹസനും മറുപടി നല്‍കെട്ടയെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

അതേസമയം, രാജ്യസഭാ സീറ്റ് വിവാദത്തില്‍ എ ഗ്രൂപ്പിന് കടുത്ത അതൃപ്തിയാണുള്ളത്. ഉമ്മന്‍ചാണ്ടിയെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ശ്രമം നടക്കുന്നതായി നേതാക്കള്‍ ആരോപിച്ചു. രാഷ്ട്രീയകാര്യസമിതി ചേരുന്നതിന് മുന്‍പുള്ള വിമര്‍ശനത്തില്‍ ഗൂഢോദ്ദേശ്യമുണ്ട്. വിമര്‍ശനം ഉണ്ടായിട്ടും ഐ ഗ്രൂപ്പ് മൗനംപാലിക്കുന്നെന്നും വിമര്‍ശനമുണ്ട്. ഇതിനിടെ രാജ്യസഭ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കം മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ പോരായി മാറിയതോടെ കോണ്‍ഗ്രസില്‍ അനുനയ ശ്രമങ്ങള്‍ തുടങ്ങി.

പിജെ കുര്യനും വിഎം സുധീരനും ഉമ്മന്‍ചാണ്ടിക്കെതിരെ തിരിഞ്ഞതും പ്രതിരോധിക്കാന്‍ എ ഗ്രൂപ്പ് രംഗത്തുവന്നതും കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. ഇതിന്റ പ്രതിഫലനമാകും നാളത്തെരാഷ്ട്രീയകാര്യ സമിതിയിലുണ്ടാകുക. കാര്യങ്ങള്‍ കൈവിട്ടുപോകുകയും രാഹുല്‍ഗാന്ധി റിപ്പോര്‍ട്ട് തേടുകയും ചെയ്തതോടെ പ്രശ്‌നം തണുപ്പിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി നേതൃത്വം.

DONT MISS
Top